LiveTV

Live

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്ന് തുടരും

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്ന് തുടരും
Summary
കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനത്തിന് സാധ്യത

സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി പി.ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്ന് തുടരും. ജില്ലാ കമ്മിറ്റിയുടെ തിരുത്തലുകളോടെയുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പി ജയരാജന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സെക്രട്ടറി തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചില നേതാക്കള്‍ക്കെതിരെയുളള പരാമര്‍ശം അതിര് കടന്നുവെന്നും ഇത് നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍, തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് നീക്കം ചെയ്തത്. പരാമര്‍ശം അനാവശ്യവും അതിരു കടന്നതുമാണന്നായിരുന്നു ജില്ലാ കമ്മറ്റിയുടെ വിമര്‍ശം. ഇത് പൂര്‍ണമായും ഒഴിവാക്കിയാണ് പി.ജയരാജന്‍ ഇന്നലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശമുണ്ട്. സി.പി.എം പരസ്യമായി തളളിക്കളഞ്ഞ സമരത്തെ ഏറ്റെടുത്തതിലൂടെ വെടക്കാക്കി തനിക്കാക്കുക എന്ന നയമാണ് സി.പി.ഐ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാപരമായി ഒറ്റക്ക് നില്ക്കാനുളള ശേഷിയില്ലാത്ത പാര്‍ട്ടിയെന്ന പരാമര്‍ശവും സി.പി.ഐക്കെതിരെ റിപ്പോര്‍ട്ടി ലുണ്ട്. ആര്‍.എസ്.എസിനെതിരായി ജില്ലയില്‍ തീര്‍ത്ത ശക്തമായ പ്രതിരോധവും സംഘടനാ തലത്തില്‍ പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയും എണ്ണിപ്പറയുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ നേട്ടങ്ങളും അക്കമിട്ട് നിരത്തുന്നു. എന്നാല്‍ അഴീക്കോട് അടക്കമുളള മണ്ഡലങ്ങളില്‍ തിരിച്ചടി നേരിട്ടത് ഗൌരവമായി കണക്കിലെടുത്ത് ഇവിടങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ കൂത്തുപറമ്പ്, മട്ടന്നൂര്‍ ഏരിയകളില്‍ നിന്നുളളവരാണ് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച ഇന്നും തുടരും.