LiveTV

Live

Kerala

യുഡിഎഫ് സര്‍ക്കാര്‍ കോന്നിയില്‍ അനുവദിച്ച 55 പട്ടയങ്ങള്‍ കൂടി റദ്ദാക്കി

യുഡിഎഫ് സര്‍ക്കാര്‍ കോന്നിയില്‍ അനുവദിച്ച 55 പട്ടയങ്ങള്‍ കൂടി റദ്ദാക്കി
Summary
അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ കനാല്‍ - തോട് പുറമ്പോക്കിന് പട്ടയം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭ കോന്നിയില്‍ അനുവദിച്ച 55 പട്ടയങ്ങള്‍ കൂടി റദ്ദ് ചെയ്തു. അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ കനാല്‍ - തോട് പുറമ്പോക്കിന് പട്ടയം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചട്ടവിരുദ്ധമായി കോന്നിയില്‍ വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

കോന്നിയില്‍ കലഞ്ഞൂര്‍ കൂടല്‍ വില്ലേജുകളിലായി കെഎപി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 55 കുടുംബങ്ങള്‍ക്ക് അനുവദിച്ച പട്ടയമാണ് റദ്ദാക്കപ്പെട്ടത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും ഈ പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നില്ല. കനാല്‍ - തോട് പുറമ്പോക്ക് പതിച്ച് നല്‍കുന്നത് നിയമവിരുദ്ധമാണെന്നും വിഷയം തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പട്ടയം റദ്ദാക്കാന്‍ ഉത്തരവായത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് അടൂര്‍ പ്രകാശ് സ്വന്തം മണ്ഡലമായ കോന്നിയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്. റിസര്‍വ് വനത്തില്‍ പെടുന്ന ഭൂമിക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ 1843 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ക്രമക്കേട് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ ഈ പട്ടയങ്ങള്‍ റദ്ദാക്കാന്‍ കോന്നി തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു.