LiveTV

Live

Kerala

കേരള കോണ്‍ഗ്രസ്-സിപിഐ തര്‍ക്കം രൂക്ഷം

കേരള കോണ്‍ഗ്രസ്-സിപിഐ തര്‍ക്കം രൂക്ഷം
Summary
ആരോപണ പ്രത്യാരോപണങ്ങളുമായി കാനം രാജേന്ദ്രനും കെ എം മാണിയും

കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതോടെ കേരള കോണ്‍ഗ്രസും സിപിഐയുമായുള്ള തര്‍ക്കം മുറുകുന്നു. പരസ്യമായി കാനം രാജേന്ദ്രനും കെ എം മാണിയും ആരോപണങ്ങള്‍ ഉന്നയിച്ചതോടെ അണികളും ഇത് ഏറ്റെടുത്തിരിക്കുയാണ്. ഈ സാഹചര്യത്തില്‍ അടുത്ത എല്‍ഡിഎഫില്‍ വിഷയം സജീവ ചര്‍ച്ചയാകും.

ഏത് മുന്നണിയിലേക്കാണെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോടിയേരി അടക്കമുള്ള സിപിഎമ്മുകാര്‍ വാതിലുകള്‍ തുറന്നിട്ടതോടെയാണ് സിപിഐ പരസ്യമായി തന്നെ കേരള കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. അന്ത്യകൂദാശ കാത്തു കിടക്കുന്നവര്‍ക്ക് വെന്റിലേറ്ററാകേണ്ടന്ന കാനത്തിന്റെ പ്രതികരണം ഇതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ യുഡിഎഫ് ക്ഷണം മാണി നിരസിച്ചതോടെ തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുയാണ്. ശവക്കുഴിയില്‍ കിടക്കുന്നവര്‍ വെന്റിലേറ്ററാകേണ്ടെന്ന് മാണി പറഞ്ഞതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതിന് പിന്നാലെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളും പ്രസ്താവന ഇറക്കി സിപിഐയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന് അനുഭവിക്കേണ്ടി വരുന്ന നാണക്കേട് സിപിഐ മന്ത്രിമാരെ കൊണ്ടാണന്നാണ് ഇവര്‍ പറഞ്ഞ് വെക്കുന്നത്. ഇത് ഇടത് മുന്നണിയിലും ചില തര്‍ക്കങ്ങള്‍ വഴിവെച്ചേക്കും. സിപിഐയെ വിമര്‍ശിക്കുബോഴും സിപിഎമ്മിനെ തലോടാന്‍ മാണി ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ഇടത് മുന്നണിയോഗം ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തേക്കും.