LiveTV

Live

Kerala

പിണറായിയുടെ ആകാശയാത്രക്ക് ദുരന്ത നിവാരണ ഫണ്ട്

പിണറായിയുടെ ആകാശയാത്രക്ക് ദുരന്ത നിവാരണ ഫണ്ട്
Summary
തൃശൂരിലെ സിപിഎം സമ്മേളനത്തില്‍ നിന്ന് തലസ്ഥാനത്തെത്താന്‍ പിണറായി ചെലവഴിച്ചത് എട്ട് ലക്ഷം രൂപ.

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടിലെ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. പാര്‍ട്ടി സമ്മേളനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്ടര്‍ യാത്ര നടത്തിയത്. വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി.

ഡിസംബര്‍ 26നാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്ന മുഖ്യമന്ത്രി ഓഖി കേന്ദ്ര സംഘത്തിന്റെ കൂടിക്കാഴ്ചക്ക് മാത്രമായി തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്നത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറില്‍. കൂടിക്കാഴ്ചക്ക് ശേഷം ഹെലികോപ്ടറില്‍ തന്നെ പാര്‍ട്ടി സമ്മേളനത്തിലേക്ക് മടങ്ങുകയും ചെയ്തു. ചെലവായത് 1309800 രൂപ. വിലപേശലിനൊടുവില്‍ അത് 8 ലക്ഷമായി. ഈ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. റവന്യു മന്ത്രിയുടെ ഓഫീസിനെ പോലും അറിയിക്കാതെ റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ നേരിട്ടാണ് ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടേത് ഗുരുതരമായ തെറ്റാണെന്നും പണം തിരിച്ചടക്കണമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. തങ്ങളുടെ അറിവോടെയല്ല പണം വക മാറ്റിയതെന്നും എന്നാല്‍ യാത്രാ ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുന്നതില്‍ ചട്ടപ്രകാരം തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കയ്യോടെ പിടിക്കപ്പെട്ടതുകൊണ്ടാണ് പിന്‍വലിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.