LiveTV

Live

Kerala

പയ്യോളി മനോജ് വധക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് സി.ബി.ഐ

പയ്യോളി മനോജ് വധക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് സി.ബി.ഐ
Summary
സി.പി.എം നേതാക്കളുള്‍പ്പടെയുള്ള 9 പ്രതികളെയാണ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തത്

പയ്യോളി മനോജ് വധക്കേസ് രാഷ്ട്രീയ കൊലപാതകമാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യ ആസുത്രകരുമാണെന്നും സി.ബി.ഐ വ്യക്തമാക്കി. പ്രതികളെ എറണാകുളം സി.ജെ.എം കോടതി ജനുവരി 12 വരെ റിമാന്റെ് ചെയ്തു.

സി.പി.എം നേതാക്കളുള്‍പ്പടെയുള്ള 9 പ്രതികളെയാണ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തത്. ജനുവരി 10 വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കി. വ്യക്തി വൈരാഗ്യമല്ല, രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്ററ് ചെയ്തതെന്നും സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു.

ലോക്കല്‍ കമ്മിറ്റി തീരുമാന പ്രകാരം കൊലപാതകം നടപ്പിലാക്കുകയായിരുന്നു. കേസില്‍ ആകെ 24 പ്രതികളാണുള്ളത്. 15 പേര്‍ ആദ്യ കുറ്റപത്രത്തിലും പ്രതികളായിരുന്നു. രണ്ട് പ്രതികള്‍ വിദേശത്താണെന്നും സി ബി ഐ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം വടകര സി ബി ഐ ഓഫിസില്‍ വിളിച്ച് വരുത്തിയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ടി ചന്തു ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊച്ചി സി.ബി.ഐ ഓഫിസിലെത്തിച്ച പ്രതികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ട് വന്ന് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ഉച്ചക്ക് ഒരു മണിയോടെ പ്രതികളെ കോടതിയിലെത്തിച്ചു.