LiveTV

Live

Kerala

കുടുംബശ്രീയുടെ ഹോട്ടലിന് താഴ് വീഴില്ല; നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍

കുടുംബശ്രീയുടെ ഹോട്ടലിന് താഴ് വീഴില്ല; നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍
Summary
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ വന്‍കിട ഹോട്ടലിലെ അടുക്കളയില്‍ നിന്നുള്ള എക്സ് ഹോസ്റ്റ് ഫാന്‍ രുചിപ്പുരയുടെ ഭാഗത്തേക്ക് മാറ്റിയതോടെയാണ് പ്രശ്നമായത്

സമീപത്തെ വന്‍കിട ഹോട്ടലില്‍ നിന്നുള്ള മലിന വായു മൂലം അടച്ചു പൂട്ടാനൊരുങ്ങിയ കോഴിക്കോട് കുടുംബശ്രീയുടെ രുചിപ്പുര ഹോട്ടലിന് കോര്‍പ്പറേഷന്‍റെ സഹായം. ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഉറപ്പ് നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോര്‍പ്പറേഷന്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

കഴിഞ്ഞ ആറു വര്‍ഷമായി 30 വനിതകളുടെ ജീവിതോപാധിയായിരുന്നു കോഴിക്കോട് രാജാജി റോഡിലെ രുചിപ്പുരയെന്ന കുടുംബശ്രീ ഹോട്ടല്‍ സംരംഭം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ വന്‍കിട ഹോട്ടലിലെ അടുക്കളയില്‍ നിന്നുള്ള എക്സ് ഹോസ്റ്റ് ഫാന്‍ രുചിപ്പുരയുടെ ഭാഗത്തേക്ക് മാറ്റിയതോടെയാണ് പ്രശ്നമായത്. ഇതോടെ ദുര്‍ഗന്ധം കാരണം രുചിപ്പുരയില്‍‌ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതാണ് രുചിപ്പുര പൂട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. പരാതി പറഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകരോട് ഹോട്ടല്‍ പൂട്ടാന്‍ കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ആക്ഷേപം ഉയര്‍ന്നു. ഇതോടെ പ്രതിഷേധവുമായി കോര്‍പ്പറേഷനിലെത്തിയ കുടുംബശ്രീ അംഗങ്ങളുമായി ഡെപ്യൂട്ടി മേയര്‍ ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനകം രുചിപ്പുര വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.