LiveTV

Live

Kerala

ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ അമ്മ

ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ അമ്മ
Summary
കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ബിന്ദു സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് പിന്നാലെ എന്‍ഐഎ അന്വേഷണത്തെ പിന്തുണച്ച് കൂടുതല്‍ ഹരജികള്‍ സുപ്രിം കോടതിയില്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംഘടിതമായി നടക്കുന്നുവെന്ന ആരോപണമാണ് ഈ ഹരജികള്‍ ഉന്നയിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദു, ലാത്തൂര്‍ സ്വദേശിയായ സുമതി ആര്യ, മൂന്ന് ഹൈക്കോടതി അഭിഭാഷകര്‍ എന്നിവരാണ് ഹരജികള്‍ നല്‍കിയത്.

ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ അമ്മ

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ സുപ്രിം കോടതി നാളെ വാദം കേള്‍ക്കാനിരിക്കെയാണ് കക്ഷി ചേരാനുള്ള മൂന്ന് അപേക്ഷകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇസ്‍ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയ ശേഷം അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് പോയെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദുവാണ് ഒരു ഹരജിക്കാരി. കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനും, പ്രണയം നടിച്ചുള്ള മത പരിവര്‍ത്തനത്തിനും സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മത പരിവര്‍ത്തനം നടത്തിയവരെ ഐഎസ് പോലുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും, തന്റെ മകള്‍ അതിന്റെ ഇരയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎ, ഐബി, റോ തുടങ്ങിയ ഏജന്‍സികളോട് ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ലൌ ജിഹാദുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളെല്ലാം ഈ ഹരജിയില്‍ അതേപടി ആവര്‍ത്തിക്കുന്നുണ്ട്. ലാത്തൂര്‍ സ്വദേശിയായ സുമതി ആര്യയാണ് മറ്റൊരു ഹരജിക്കാരി. തന്നെ നിര്‍ബന്ധിച്ച് ഇസ്‍ലാമിലേക്ക് പരിവര്‍ത്തനം നടത്താനും, സിമിയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമം നടന്നതായി ഇവര്‍ ഹരജിയില്‍ ആവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ എന്‍ഐഎ, സിബിഐ എന്നീ ഏജന്‍സികളുടെ അന്വേഷണമാണ് ഇവര്‍ ആവശ്യപ്പെുന്നത്. ഹാദിയ കേസ് ഒറ്റപ്പെട്ടതല്ലെന്നും, വിവിധ തലങ്ങളുള്ള കേസാണെന്നും, അതിനാല്‍ എന്‍ഐഎ അന്വേഷണം അത്യാവശ്യമാണെന്നും കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ നല്‍കിയ ഹരജിയും ആവശ്യപ്പെടുന്നു.