LiveTV

Live

Kerala

ഘര്‍വാപ്പസി കേന്ദ്രത്തിലെ ഒരാള്‍ അറസ്റ്റില്‍

ഘര്‍വാപ്പസി കേന്ദ്രത്തിലെ ഒരാള്‍ അറസ്റ്റില്‍
Summary
യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ശ്രീജേഷാണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റിലായി. കേസിലെ അഞ്ചാം പ്രതിയായ ശ്രീജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യോഗാ സെന്ററില്‍ നടക്കുന്ന ക്രൂരപീഡനത്തെക്കുറിച്ചുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മീഡിയവണാണ് പുറത്തുവിട്ടത്.

ഘര്‍വാപ്പസി കേന്ദ്രത്തിലെ ഒരാള്‍ അറസ്റ്റില്‍

എട്ടുമണിക്കൂറിലധികം സമയമെടുത്ത് യോഗാ കേന്ദ്രത്തിലെ ജീവനക്കാരെ പ്രത്യേകം ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. അന്തേവാസികളായ സ്ത്രീകളെയും പുരുഷന്മാരെയും ഓരോരുത്തരെയായി പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ച മൊഴികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സ്ഥാപന നടത്തിപ്പുകാരന്‍ ഗുരുജിയെന്ന മനോജാണ് കേസിലെ ഒന്നാം പ്രതി. മനോജിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള മറ്റ് നാല് പേരും സ്ഥലത്തില്ലെന്നാണ് സൂചന. യോഗാ കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരന്‍ ശ്രീജേഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പീന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണിയാള്‍. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാളെ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന യോഗാ കേന്ദ്രം അടച്ചപൂട്ടാന്‍ ഉദയംപേരൂര്‍ ഗ്രമപഞ്ചായത്ത് തീരുമാനിച്ചിരുന്നു.

തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപ്പസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടത്. യോഗ കേന്ദ്രത്തിലെ 10 പേരിലധികം വരുന്ന സംഘമാണ് മര്‍ദനങ്ങള്‍ക്ക് പിന്നിലെന്നും യുവതി പറഞ്ഞു. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഘര്‍വാപ്പസി നടത്തുന്നത്. ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.