LiveTV

Live

Kerala

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്
Summary
ഹാദിയയെ കമ്മീഷന്‍ നേരിട്ട് കാണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. കോടതിയുടെ അനുമതിക്ക് കാത്ത് നില്‍ക്കുന്ന കമ്മീഷന്‍ നടപടിയെ എഴുത്തുകാരി ജെ ദേവിക വിമര്‍ശിച്ചു.

ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. ഹാദിയയെ കമ്മീഷന്‍ നേരിട്ട് കാണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. കോടതിയുടെ അനുമതിക്ക് കാത്ത് നില്‍ക്കുന്ന കമ്മീഷന്‍ നടപടിയെ എഴുത്തുകാരി ജെ ദേവിക വിമര്‍ശിച്ചു.

ഹാദിയ സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന പരാതിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് സ്ഥിതി കോടതിയെ ബോധ്യപ്പെടുത്തണമെന്ന ആവശ്യം എഴുത്തുകാരായ കെ സച്ചിദാനന്ദന്‍, ജെ ദേവിക എന്നിരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും കമ്മീഷനോട് ഉന്നയിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇടപെടാനുള്ള നിയമപരമായ പരിമിതിയാണ് കമ്മീഷന് മുന്നോട്ടുവെച്ചത്. ഇത് മറികടക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും.

ഹാദിയയെ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതിയുടെ വേണമെന്ന വനിതാ കമ്മീഷന്‍ നിലപാടിന് എതിരെ എഴുത്തുകാരി ജെ ദേവിക രംഗത്ത് വന്നു. അയ്യയ്യേ സംഘി പ്രീണന വനിതാകമ്മീഷന്‍ എന്നാണ് ഫേസ്ബുക്കില്‍ ദേവിക പരിഹസിച്ചത്. സംഘികള്‍ കയറി ഇറങ്ങുന്നത് കുഴപ്പമില്ല, പക്ഷേ നാടു ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് പോകാന്‍ കോടതിയുടെ അനുവാദം വേണമോയെന്നും ജെ ദേവിക കുറിപ്പില്‍ ചോദിച്ചു.