LiveTV

Live

Kerala

കളള് ചെത്ത് തൊഴിലാളിയുടെ കവിതാ സമാഹാരം പുറത്തിറങ്ങി

കളള് ചെത്ത് തൊഴിലാളിയുടെ കവിതാ സമാഹാരം പുറത്തിറങ്ങി
Summary
രണ്ട് പതിറ്റാണ്ടോളമായി കുറ്റിക്കോല്‍പുഴയുടെ തീരത്ത് കളള് ചെത്തിയാണ് സിസില്‍ തന്റെ ജീവിതം എഴുതുന്നത്.

കളള് മണക്കുന്ന കവിതകള്‍ ഏറെ ഉണ്ടായിട്ടുണ്ട് നമ്മുടെ ഭാഷയില്‍. എന്നാല്‍ഒരു കളള് ചെത്ത് തൊഴിലാളി കവിത എഴുതുന്നത് അപൂര്‍വ്വമായിരിക്കും. കണ്ണൂര്‍കൂവോട് സ്വദേശി സിസില്‍ എന്ന ചെത്ത് തൊഴിലാളിയുടെ കവിതാ സമാഹാരം ഭാഷയുടെയും ഒപ്പം ജീവിതാനുഭവങ്ങളുടെയും തീവ്രത കൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്.

പരിചിത ബിംബങ്ങളുമായി പരീക്ഷണത്തിലേര്‍പ്പെടുന്ന പുതിയൊരു കാവ്യ സഞ്ചാരം. സിസില്‍സി കൂവോട് എന്ന എഴുത്തുകാരനെ പ്രസാധകര്‍ വായനക്കാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ജീവിതത്തിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങളെ ഭാഷയുടെ മാന്ത്രികച്ചരടില്‍ കോര്‍ത്ത് കെട്ടിയാണ് ഈ ചെറുപ്പക്കാരന്‍കവിതയിലൂടെ നമ്മോട് സംവദിക്കുന്നത്. രണ്ട് പതിറ്റാണ്ടോളമായി കുറ്റിക്കോല്‍പുഴയുടെ തീരത്ത് കളള് ചെത്തിയാണ് സിസില്‍ തന്റെ ജീവിതം എഴുതുന്നത്. പത്താം ക്ലാസ് വരെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടുളള സിസില്‍ 2007 മുതല്‍ കവിത എഴുതുന്നു. ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടത് മുന്നോട്ടുളള എഴുത്തിന് പ്രചോദനമായി. സിസിലിന് കവിത എന്നത് ഒരു പൊതു പ്രവര്‍ത്തനമാണ്. ചുറ്റുപാടുകളോട് ഇയാള്‍ സംവദിക്കുന്നത് തന്റെ കവിതകളിലൂടെയാണ്.

പത്ത് വര്‍ഷത്തെ എഴുത്ത് ജീവിതത്തില്‍ ഇത് ആദ്യമായി സിസിലിന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. കണ്ണൂര്‍ കൈരളി ബുക്‌സാണ് 109 കവിതകളടങ്ങിയ എഴുത്താളന്‍ എന്ന സമാഹാരത്തിന്റെ പ്രസാധകര്‍. കവിതയുടെ പുതിയ ലഹരി തേടി ഇനിയും ഈ യുവ കവിയുടെ യാത്ര തുടരുകയാണ്.