LiveTV

Live

Kerala

എടാ, പോടാ വിളി വേണ്ട; സര്‍, മാഡം മതി - പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

എടാ, പോടാ വിളി വേണ്ട; സര്‍, മാഡം മതി - പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍
Summary
പൊലീസുകാർ പൊതുജനങ്ങളോടും പരാതി നൽകാനെത്തുന്നവരോടും വളരെ മോശമായാണ് പെരുമാറുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

പൊലീസുകാർ പൊതുജനങ്ങളെ സർ, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊലീസുകാർ പൊതുജനങ്ങളോടും പരാതി നൽകാനെത്തുന്നവരോടും വളരെ മോശമായാണ് പെരുമാറുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള പരാതികളാണ് കമീഷന് കിട്ടുന്നതിലേറെയും. പരാതിക്കാരെപ്പോലും കുറ്റവാളികളായി ചിത്രീകരിച്ച് പീഡിപ്പിക്കുകയാണ്. കാക്കിയിട്ടവർക്ക് ശിക്ഷിക്കാൻ അധികാരമില്ലെന്ന് പൊലീസുകാർ മനസ്സിലാക്കണം.

എടാ, പോടാ വിളി വേണ്ട; സര്‍, മാഡം മതി - പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നൽകിയാൽ അവർക്കെതിരെ കേസെടുക്കുന്ന അവസ്ഥയും ഇന്നുണ്ട്. വിദേശ രാജ്യങ്ങളിലെല്ലാം പൊലീസുകാർ മാന്യമായ പെരുമാറ്റ രീതി തുടരുമ്പോൾ കേരളത്തിൽ എടാ, പോടാ വിളിയാണ്. ജനമൈത്രി പൊലീസിന്‍റെ പോലും രീതി ഇതാണ്. ഇത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പൊലീസിൽ ചേരുമ്പോൾ തന്നെ ക്ലാസ് നൽകാൻ ഡിജിപിയോട് നിർദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചക്കിട്ടപ്പാറയിലെ എൻഡോസൾഫാൻ ഇരകൾക്ക് കാസർകോട്ടെ മാതൃകയിൽ സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണം. രണ്ടോ മൂന്നോ പേർ ഇതിനകം മരിച്ചിട്ടുണ്ട്. ഇവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ മറ്റോ തുക നൽകണം. പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി ആവശ്യമായവർക്ക് മികച്ച ചികിത്സയും ഉറപ്പാക്കണം. ചക്കിട്ടപ്പാറയിലെ എൻഡോസൾഫാൻ മേഖല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം പൂർണമായും ഇല്ലാതാക്കണമെന്നാണ് കമ്മീഷന്‍റെ നിലപാട്. എന്നാൽ പ്രധാന വരുമാന മാർഗമായതിനാൽ മാറിമാറിവരുന്ന സർക്കാറുകൾ പൂർണമായി മദ്യം നിരോധിക്കുന്നില്ല. മുൻ സർക്കാർ ബാറുകൾ പലതും പൂട്ടിയെങ്കിലും നിലവിലെ സർക്കാർ ഏറെയും തുറന്നു.

ദേശീയ പാതയോരത്തുനിന്ന് ബാറും ബീവറേജുകളും മാറ്റി ജനവാസമേഖലയിൽ സ്ഥാപിക്കുന്നതിനെതിരായ പരാതികൾ ഹൈകോടതിയുടെവരെ പരിഗണനയിലാണ്. അതിനാൽ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തുന്നില്ല. പ്ലാന്‍റേഷൻ കോർപറേഷന്‍റെ പേരാമ്പ്ര എസ്റ്റേറ്റിൽ തൊഴിലെടുക്കുന്നവർക്ക് കാട്ടാനകൾ ഭീഷണിയാകുന്നതായി പരാതി കിട്ടിയിട്ടുണ്ട്. മൃഗങ്ങളേക്കാൾ ആദ്യം സംരക്ഷണം നൽകേണ്ടത് മനുഷ്യർക്കാണ്. അതിനാൽ കൃഷിയിടത്തിലേക്കും മറ്റും ആനകൾ എത്താതിരിക്കാൻ മതിയായ സംവിധാനമുണ്ടാക്കണം. ആളുകൾ മരിച്ചിട്ട് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കുന്നതിനേക്കാൾ നല്ലത് ഈ തുക ഉപയോഗിച്ച് വനമേഖലയിൽ കമ്പിവേലിയും മറ്റും നിർമിക്കുന്നതാണ്. കോഴിക്കോട്ട് നടന്ന കമീഷൻ സിറ്റിങ്ങിൽ 119 പരാതികളിൽ 50 എണ്ണം തീർപ്പായതായും അദ്ദേഹം അറിയിച്ചു.