LiveTV

Live

Kerala

എരിവിലും വിലയിലും കാന്താരി മുളക് മുന്‍പില്‍; കിലോയ്ക്ക് 1500 രൂപ

എരിവിലും വിലയിലും കാന്താരി മുളക് മുന്‍പില്‍; കിലോയ്ക്ക് 1500 രൂപ
Summary
ഹൃദയത്തിന്റെ സംരക്ഷകനായാണ് ഇപ്പോള്‍ ഇത്തിരിപ്പോന്ന കാന്താരി മുളക് അറിയപ്പെടുന്നത്.

ഹൃദയത്തിന്റെ സംരക്ഷകനായാണ് ഇപ്പോള്‍ ഇത്തിരിപ്പോന്ന കാന്താരി മുളക് അറിയപ്പെടുന്നത്. മുളകുകളുടെ രാജാവ്. വലുപ്പത്തിലല്ല, കരുത്തിലാണ് കാര്യമെന്ന് തെളിയിച്ച കുഞ്ഞന്‍ മുളക്. എരിവു പോലെ ഇപ്പോള്‍ വിലയിലും കാന്താരിയെ വെല്ലാന്‍ എതിരാളികളില്ല. കിലോയ്ക്ക് 1500 രൂപ വരെ എത്തിനില്‍ക്കുന്ന കാന്താരി മുളകളാണ് വിപണിയിലെ സൂപ്പര്‍ താരം. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനേക്കാൾ ഇരട്ടി വിലയാണിപ്പോള്‍ കാന്താരിക്ക്.

എരിവിലും വിലയിലും കാന്താരി മുളക് മുന്‍പില്‍; കിലോയ്ക്ക് 1500 രൂപ

കൊളസ്ട്രോൾ കുറയാനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും ഉത്തമമെന്ന വ്യാപക പ്രചാരണമാണ് നാട്ടില്‍ സുലഭമായിരുന്ന കാന്താരിക്ക് വിപണിയിൽ സൂപ്പര്‍താര പരിവേഷം നേടിക്കൊടുത്തത്. അതിന് പുറമെ, വാണിജ്യാടിസ്ഥാനത്തിൽ കാന്താരി കൃഷി കേരളത്തിൽ ഇനിയും വ്യാപകമാകാത്തതിനാൽ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യതക്കുറവും വില കൂടാൻ കാരണമായി. കാന്താരി മുളക് കൊളസ്ട്രോൾ കുറക്കുമെന്നതിനും ഹൃദ്രോഗം ഇല്ലാതാക്കുമെന്നതിനും ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലാണ് കാന്താരി വ്യാപകമായി കണ്ടുവരുന്നത്. റബർ തോട്ടങ്ങളിൽ സ്വാഭാവികമായി വളരും. മുളകിന് ഔഷധഗുണമുണ്ടെന്ന് പ്രചരിച്ചതോടെ നഗര പ്രദേശങ്ങളിലും ചെടി ആളുകൾ വളർത്താൻ തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകളിൽനിന്ന് ശേഖരിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. ഇവർക്ക് ആയിരം രൂപയിൽ താഴെയാണ് കിലോക്ക് ലഭിക്കുന്നത്. പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കാന്താരി മുളക് കൃഷി വ്യാപകമാണ്.

പുരയിടങ്ങളിലെ മറ്റു കാര്‍ഷിക വിളകള്‍ക്ക് പ്രാണി ശല്യം ഏല്‍ക്കാതിരിക്കാനാണ് പഴമക്കാര്‍ കാന്താരി നട്ടുപിടിപ്പി ച്ചിരുന്നത്. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളകള്‍ തിന്നുനശിപ്പിക്കാന്‍ കീടങ്ങളും പ്രാണികളും എത്തില്ലായിരുന്നു. എന്നാല്‍ ഇടക്കാലത്ത് തോട്ടങ്ങളും നാണ്യവിളകളും വന്നതോടെ കാന്താരിച്ചെടി പലയിടങ്ങളിലും കാണാന്‍ പോലുമില്ലാതായി. ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്‌നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും വളരും. പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്.