LiveTV

Live

Kerala

പത്തനംതിട്ട ചുങ്കപ്പാറയില്‍ അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയയുടെ പ്രവര്‍ത്തനം

പത്തനംതിട്ട ചുങ്കപ്പാറയില്‍ അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയയുടെ പ്രവര്‍ത്തനം
Summary
അനുമതി നല്‍കരുതെന്ന് വനംവകുപ്പ് രേഖാമൂലം അറിയിച്ചിട്ടും പാറമടയ്ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കി

പത്തനംതിട്ട റാന്നി ചുങ്കപ്പാറയില്‍ അധികൃതരുടെ ഒത്താശയില്‍ സകല നിയമങ്ങളും കാറ്റില്‍ പറത്തി പാറമടയുടെ പ്രവര്‍ത്തനം. അനുമതി നല്‍കരുതെന്ന് വനംവകുപ്പ് രേഖാമൂലം അറിയിച്ചിട്ടും പാറമടയ്ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കി. ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടും ക്വാറി മാഫിയ പൊട്ടിച്ച് നീക്കുകയാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ആവോലി മല. മീഡിയവണ്‍ എക്സ്ക്ലുസീവ്

2005ല്‍ വടക്കേമുറി ഗ്രാനൈറ്റ്സ് എന്ന പേരില്‍ ചെറു യൂണിറ്റായാണ് ചുങ്കപ്പാറയിലെ ആവോലിമലയില്‍ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നത് അമിറ്റി എന്ന പേരില്‍ ബൃഹത് സ്ഥാപനമായി. കോട്ടയം, റാന്നി ഫോറസ്റ്റ് ഡിവിഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് പാറമട സ്ഥിതിചെയ്യുന്നത്. ക്വാറിയുടെ ലൈസന്‍സ് അപേക്ഷയ്ക്കെതിരെ 2005 ഫെബ്രുവരിയില്‍ കോട്ടയം ഡിഎഫ്ഒ റാന്നി ഡിഎഫ്ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പാറമട ആലപ്ര വനഅതിര്‍ത്തിയുമായി 250 മീറ്റര്‍ അകലെയാണെന്നും വനംവകുപ്പ് ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്ന ഉപ്പുപാറയ്ക്ക് സമീപമാണെന്നും ചൂണ്ടിക്കാട്ടുന്നു.

വനത്തിനും വന്യജീവികള്‍ക്കും പാറമട നാശമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടിന് വിരുദ്ധമായ സത്യവാങ്മൂലം കോട്ടാങല്‍ ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയില്‍ നല്‍കുകയും പാറമടയ്ക്ക് ലൈസന്‍സ് ലഭിക്കുകയും ചെയ്തു. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ വനാതിര്‍ത്തിയുമായുള്ള അകലം ഇപ്പോള്‍ 45 മീറ്ററാണെന്നും ക്വാറിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെന്നും അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്നും കോട്ടയം ഡിഎഫ്ഒ കഴിഞ്ഞ ഏപ്രില്‍ 29ന് പത്തനംതിട്ട ജില്ലാ കളക്ടര്‍, റാന്നി ഡിഎഫ്ഒ എന്നിവര്‍ക്ക് കത്തയച്ചു. പക്ഷേ പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണ്.

പാറമട കൃഷിക്ക് നാശമുണ്ടാക്കുന്നെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും കൃഷി ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആവോലിമലയിലെ 18 ഏക്കര്‍ മിച്ചഭൂമി അടക്കം 200 ഏക്കര്‍ ഭൂമിയാണ് അമിറ്റി ക്വാറി കൈവശം വെച്ചിരിക്കുന്നത്. ഇതില്‍ 10 ഏക്കര്‍ വരുന്ന പ്രദേശത്തെ പാറപൊട്ടിക്കുന്നതിനാണ് അനുമതി ലഭിച്ചിരുന്നത്. പക്ഷേ ഒരു മല തന്നെ ഇല്ലാതാക്കിയാണ് പ്രവര്‍ത്തനം. പ്രദേശത്തെ 50 ഓളം കുടുംബങ്ങളെ ഇതിനോടകം കമ്പനി ഒഴിപ്പിച്ചു. മറ്റുള്ളവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് സമീപിക്കുന്നത്.

ക്വാറിയിലെ വാഹനങ്ങള്‍ റോഡുകള്‍ തകര്‍ത്തു

ചുങ്കപ്പാറയിലെ പാറമടയില്‍ നിന്നുള്ള ക്വാറി ഉല്‍പ്പന്നങ്ങളുമായി പോകുന്ന കൂറ്റന്‍ ലോറികള്‍ പ്രദേശത്തെ റോഡ് തകര്‍ത്തപ്പോള്‍ ജനങ്ങള്‍ സംഘടിച്ചു. ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ച് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. എന്നാല്‍ ഉത്തരവ് പിന്‍വലിക്കുന്നതിന് സ്ഥലം എംഎല്‍എ രാജു എബ്രഹാം വിഷയത്തില്‍ ഇടപെട്ടു.

ചുങ്കപ്പാറയിലെ അമിറ്റി ക്വാറിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ചാലപ്പള്ളി- കോട്ടാങ്ങല്‍ ബസ്റ്റോ റോഡ്, കോട്ടാങ്ങള്‍ ബസ്റ്റോ റോഡ് എന്നിവ വഴിയാണ് പുറത്തെത്തിക്കുന്നത്. കഷ്ടിച്ച് ആറ് മീറ്റര്‍ വീതിയും 60 വര്‍ഷത്തോളം പഴക്കവുള്ള ഈ റോഡില്‍ 24 കലിങ്കുകളുമുണ്ട്. 40 ടണ്ണിലധികം ഭാരവുമായി ടോറസ് ലോറികള്‍ തലങ്ങും വിലങ്ങും പാഞ്ഞതോടെ ഇവയില്‍ പലതിനും ബലക്ഷയമായി. പൊതുമരാമത്ത് അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ രണ്ട് കലിങ്കുകള്‍ മൂടി. ഒരെണ്ണം പുനര്‍നിര്‍മിച്ചു. ലോറികള്‍ കടന്നുപോയതോടെ പുനര്‍ നിര്‍മിച്ച കലിങ്കും ഇടിഞ്ഞുതാഴ്ന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്.

ഭാരവാഹനങ്ങള്‍ക്ക് അനുയോജ്യമാകുന്നവിധം റോഡ് പുനര്‍ നിര്‍മിക്കുന്നതിന് 36 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതുവരെ അമിത ഭാരവാഹനങ്ങള്‍ നിരോധിച്ച് കൊണ്ട് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവാണിത്. എന്നാല്‍ ഉത്തരവ് വന്ന് തൊട്ടടുത്ത ദിവസം തന്നെ ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ രാജു എബ്രഹാം പ്രശ്നത്തില്‍ ഇടപെടുകയും പ്രദേശത്തെ സമര സമിതി പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. ടോറസ് ലോറികള്‍ നിരന്തരം ഓടുന്നത് മൂലം റോഡ് കുഴിയുന്നതും പൊടിപടലങ്ങള്‍ ഉയരുന്നതിലും ഇടപെടലുകള്‍ വൈകുമ്പോള്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നടപടികള്‍ ധ്രുതഗതിയിലെന്നാണ് ആക്ഷേപം.