LiveTV

Live

Kerala

ഹാദിയ കേസ്; എന്‍.ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ഹാദിയ കേസ്; എന്‍.ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
Summary
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജി പരിണിക്കവെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്

ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവ്. അന്വേഷണത്തിന് റിട്ടയര്‍ഡ് സുപ്രിം കോടതി ജഡ്ജി ആര്‍വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. എന്‍ഐഎ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, അന്തിമ വിധിക്ക് മുമ്പ് ഹാദിയയുടെ വാദം നേരിട്ട് കേള്‍ക്കുമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. കേസില്‍ പ്രത്യേക എന്‍ഐഎ അന്വേഷണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. ഹാദിയയുടെ മതം മാറ്റത്തിലും വിവാഹത്തിലും അസ്വാഭാവികതകളുണ്ടെന്ന എന്‍ഐഎയുടെ വാദം മുഖവിലക്കെട്ടുത്താണ് കോടതിയുടെ തീരുമാനം.

വൈക്കം സ്വേദേശി അഖില ഇസ്ലാമിലേക്ക് മതം പരിവര്‍ത്തനം നടത്തിയതും, ഷെഫിന്‍ ജഹാനെന്ന യുവാവിനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളായിരിക്കും എന്‍ഐഎ അന്വേഷിക്കുക. അന്വേഷണത്തിന് സുപ്രിം കോടതി റിട്ടയര്‍ഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണം സ്വതന്ത്രവും, നീതിയുക്തവുമായിരിക്കുമെന്ന് ഉറപ്പ് വരുത്താനാണ് ഇതെന്ന് കോടതി പറഞ്ഞു. എന്‍ഐഎക്ക് അന്വേഷണം കൈമാറും മുമ്പ് ഹാദിയയെ കോടതിയില്‍ വിളിച്ച് വരുത്തി കേള്‍ക്കണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി അംഗീകരിച്ചില്ല. കേസിലെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷമേ ഹാദിയയെ വിളിക്കൂ എന്നും, അന്തിമ തീര്‍പ്പ് കല്‍പ്പിക്കും മുമ്പ് ഹാദിയയുടെ ഭാഗം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

ഈ ഉറപ്പ് ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹാദിയയെ കോടതിയില്‍ വിളിച്ച് വരുത്തി നേരിട്ട് കേള്‍ക്കുമെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയത്. അതേസമയം എന്‍ഐഎ അന്വേഷണത്തിന് കോടതി സമയപരിധി നിശ്ചയിച്ചില്ല. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഹാദിയ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ തുടരും.