LiveTV

Live

Kerala

"ജെയ്റ്റ്‍ലി ഞങ്ങളെയും കാണണം": രാജ്ഭവന് മുന്നില്‍ സിപിഎം രക്തസാക്ഷി കുടുംബങ്ങളുടെ ധര്‍ണ

"ജെയ്റ്റ്‍ലി ഞങ്ങളെയും കാണണം": രാജ്ഭവന് മുന്നില്‍ സിപിഎം രക്തസാക്ഷി കുടുംബങ്ങളുടെ  ധര്‍ണ
Summary
തങ്ങളെയും കാണണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിച്ച് സിപിഎം. അരുണ്‍ ജെയ്റ്റ്‍ലി തങ്ങളെയും കാണണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് ജെയ്റ്റ്‍ലി നടത്തുന്ന കേരള സന്ദര്‍ശനം അന്തസില്ലാത്ത പരിപാടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

1981 ജൂണ്‍ ആറിന് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ചാല കുര്യാത്തി ബ്രാഞ്ച് സെക്രട്ടറി കെ എന്‍ മണിയുടെ ബന്ധുക്കള്‍ മുതല്‍‌ 2016 ആഗസ്റ്റ് 13ന് കൊല്ലപ്പെട്ട സുരേഷ്കുമാറിന്‍റെ വരെയുള്ള 21 കുടുംബാംഗങ്ങളെ അണിനിരത്തിയാണ് സിപിഎം ബിജെപിക്കെതിരെ പ്രതിരോധം തീര്‍ത്തത്. അരുണ്‍ ജെയ്റ്റ്‍ലി ഞങ്ങളെയും കാണണം, ഞങ്ങളുടെ വീടും സന്ദര്‍ശിക്കണം, ഞങ്ങള്‍ക്കും ജീവിക്കണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരും രാജ്ഭവന് മുന്നില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. രാജേഷിന്‍റെ കൊലപാതകവും മറ്റ് വ്യാജ പ്രചരണങ്ങളും ഉന്നയിച്ച് ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ ബിജെപി നടത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.