LiveTV

Live

Kerala

കോഴി വില ഏകീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി

കോഴി വില ഏകീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി
Summary
തമിഴ്നാട്ടില്‍ കോഴിക്ക് വില കുറഞ്ഞിട്ടും കേരളത്തില്‍ മിക്കയിടങ്ങളിലും കോഴിക്ക് കൊള്ളവിലയാണ്.

ജി.എസ്.ടി പ്രാബല്യത്തിലായ ശേഷം കോഴി വില ഏകീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. സംസ്ഥാനത്ത് കോഴിവ്യാപാരികള്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്. തമിഴ്നാട്ടില്‍ കോഴിക്ക് വില കുറഞ്ഞിട്ടും കേരളത്തില്‍ മിക്കയിടങ്ങളിലും കോഴിക്ക് കൊള്ളവിലയാണ്. സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ പോലും വില കുറക്കാന്‍ തയ്യാറല്ല. അതേസമയം, തെക്കന്‍ കേരളത്തില്‍ കോഴിക്ക് ഗണ്യമായ വിലക്കുറവുമുണ്ട്. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലാണ് ഈ വില. ലൈവ് ചിക്കന് കിലോ 100 രൂപ, ഇറച്ചിക്ക് 145 മുതല്‍ 150 രൂപ വരെ. ഗ്രാമപ്രദേശങ്ങളില്‍ ലൈവ് ചിക്കന്‍ 85 രൂപക്ക് വരെ കിട്ടുന്നുണ്ട്.

ഇനി തൊട്ടപ്പുറത്ത് കെപ്കോയിലെ വിലയറിയണ്ടെ. തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും വില കൂടും. കൊച്ചിയില്‍ ലൈവ് ചിക്കന് 115-120 രൂപ വരെയാണ് വില. കോഴിക്കോട്ട് ഇറച്ചിവില 158 രൂപയും. ഗ്രാമങ്ങളില്‍ ഇനിയും കൂടും. തമിഴ്നാട്ടില്‍ ഉത്പാദനം കൂടിയതിനാലാണ് വില കുറഞ്ഞതെന്ന് തെക്കന്‍ കേരളത്തിലെ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനര്‍ഥം സംസ്ഥാനത്തെ മറ്റിടങ്ങളിലും കെപ്കോയിലും കൊള്ളവിലയാണ് ഈടാക്കുന്നതെന്നാണ്. ജി എസ് ടി വന്നതോടെ നികുതി ഇല്ലാതായപ്പോള്‍ കോഴി 87 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ ശഠിച്ചിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇറച്ചി 158 ന് വില്‍ക്കാന്‍ തയ്യാറായെങ്കിലും കോഴി വില 130ന് താഴെ വന്നിരുന്നില്ല.