LiveTV

Live

Kerala

സര്‍ക്കാര്‍ കണക്കില്‍ എപിഎല്‍; മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ വൃദ്ധ ദമ്പതികള്‍

സര്‍ക്കാര്‍ കണക്കില്‍ എപിഎല്‍; മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ വൃദ്ധ ദമ്പതികള്‍
Summary
അവശതകള്‍ക്കിടയിലും റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് വൃദ്ധ ദമ്പതികള്‍

പക്ഷാഘാതത്തിന് മരുന്ന് വാങ്ങാന്‍ പോലും നിവൃത്തിയില്ലാത്ത ജോസ് വര്‍ഗ്ഗീസും ഭാര്യയും പുതിയ റേഷന്‍ കാര്‍ഡ് പ്രകാരം സമ്പന്ന വിഭാഗത്തില്‍പെട്ടവരാണ്. അവശതകള്‍ക്കിടയിലും റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ വൃദ്ധ ദമ്പതികള്‍.

പത്തനംതിട്ട കുളനട ഉളനാട് ജെ എസ് ഹൌസില്‍ ജോസ് വര്‍ഗ്ഗീസും ഭാര്യ സുജയും പാതിയില്‍ നിര്‍മാണം നിലച്ച വീട്ടിലാണ് താമസം. മക്കളില്ല. മരുന്നിന് മാത്രം മാസം 2000 രൂപ വേണം. മറ്റുള്ളവരുടെ കരുണയിലാണ് വീട്ടുചിലവുകള്‍ നടക്കുന്നത്. വീടുപണിക്കായെടുത്ത ലോണും അടക്കണം. പക്ഷേ വില്ലേജ് അധികൃതര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റില്‍ വാര്‍ഷിക വരുമാനം 36,000 രൂപ. പിന്നാലെ കിട്ടിയ റേഷന്‍ കാര്‍ഡ് എപിഎലും. ഇതോടെ ചികിത്സാ സൌജന്യങ്ങളും മുടങ്ങി.

നിര്‍മാണ തൊഴിലാളിയായിരുന്ന ജോസ് വര്‍ഗ്ഗീസിന് 2006ലാണ് പക്ഷാഘാതമുണ്ടായത്. മിശ്ര വിവാഹിതരായതിനാല്‍ ബന്ധുക്കളുടെ സഹായവും കുറവ്. ഈ പ്രതിബന്ധങ്ങള്‍ക്കിടെയാണ് റേഷന്‍കാര്‍ഡ് പുതിയ വിലങ്ങുതടിയായത്.