LiveTV

Live

Kerala

50,000 കോടിയുടെ സ്ഥാപനത്തിന് മോദി സർക്കാർ വിലയിട്ടത് 518 കോടി: എം ബി രാജേഷ്

50,000 കോടിയുടെ സ്ഥാപനത്തിന് മോദി സർക്കാർ വിലയിട്ടത് 518 കോടി: എം ബി രാജേഷ്
Summary
പ്രതിരോധ സ്ഥാപനം ബിഇഎംഎൽ വിൽപനക്ക് വെച്ചതിൽ കോടികളുടെ അഴിമതി നടന്നതായി എം ബി രാജേഷ് എംപി

പ്രതിരോധ സ്ഥാപനം ബിഇഎംഎൽ വിൽപനക്ക് വെച്ചതിൽ കോടികളുടെ അഴിമതി നടന്നതായി എം ബി രാജേഷ് എംപി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്. മോദിസർക്കാർ ബിഇഎംഎല്ലിന് 518.44 കോടി രൂപയാണ് വിലയിട്ടത്. ബിഇഎംഎല്ലിന്‍റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടിയാണ്. പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി സഹിതമാണ് രാജേഷ് ആരോപണം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാപ്പർഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കൽ കോഴയുടെ ആയിരം മടങ്ങുള്ള വൻ അഴിമതി ഇതാണ്. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എൽ (ബെമൽ)ന്‍റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സർക്കാർ കണക്കാക്കിയത് വെറും 518.44 കോടി മാത്രം. യഥാർത്ഥ വിലയുടെ നൂറിലൊന്ന്!! വിൽപ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്. (ഞാൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നൽകുന്നു).

1. ബെമലിന്‍റെ ആകെ ഭൂമി 4191.56 ഏക്കർ. ഇതിൽ 2696.63 ഏക്കർ സ്വന്തം ഭൂമിയും 1494.93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സർക്കാരിന്‍റെ കണക്കിൽ വെറും 92 കോടി!

2. കഴിഞ്ഞ പത്ത് വർഷം രാജ്യത്തിന്‍റെ ഖജനാവിലേക്ക് ബെമൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409.89 കോടി രൂപ. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693.46 കോടിയാണ്. അതിനേക്കാൾ 175 കോടി കുറവാണ് മോഡി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോൾ ഈ പെരുംകള്ളന്മാരെ എന്തു വേണം ?

3. നികുതിക്ക് പുറമെ ഡീസന്റായി 76.10 കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകി.

4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.

അമ്പതിനായിരം കോടിയുടെ ദേശീയസ്വത്തിന് വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക.