LiveTV

Live

Kerala

എന്‍ഡിപിഎസ് ആക്ട് പരിഷ്കരിക്കണമെന്ന് കേരളം

എന്‍ഡിപിഎസ് ആക്ട് പരിഷ്കരിക്കണമെന്ന് കേരളം
Summary
നിലവിലെ നിയമ പ്രകാരം ഒരു കിലോ വരെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കാനാവുക.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നതിനിടയിലും എന്‍ഡിപിഎസ് ആക്ട് പരിഷ്കരിക്കണമെന്ന് കേരളത്തിന്‍റെ ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമപ്രകാരം ഒരു കിലോ വരെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കാനാവുക. ഇതിന് പകരമായി 100 ഗ്രാമില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ ജാമ്യം ലഭിക്കാത്ത കുറ്റമാക്കി മാറ്റണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. 2014 മുതല്‍ പലതലണ ഇത് സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്തെഴുതി. മറ്റ് മയക്കുമരുന്നുകളുടേയും കുറഞ്ഞ പരിധിയെന്ന നിലവിലെ അളവ് വീണ്ടും വെട്ടി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.



എന്‍ഡിപിഎസ് ആക്ട് 2001 ലെ പരിഷ്കരണ പ്രകാരം ഒരു കിലോ വരെ കഞ്ചാവുമായി പിടിക്കപ്പെടുന്നയാളുടെ പേരില്‍ ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമേ ചുമത്താനാകൂ. എന്നാല്‍ ഇത് മൂലം സ്ഥിരം കുറ്റവാളികള്‍ പോലും രക്ഷപ്പെടുന്നുവെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ അളവ് ഒരു കിലോ എന്നതില്‍ നിന്നും 100 ഗ്രാമാക്കി കുറയ്ക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

ആക്ടില്‍ മീഡിയം, കോമേഴ്സ്യല്‍ ക്വാട്ടിറ്റി എന്നീ കാറ്റഗറികളിലെ 20 കിലോ എന്നത് അഞ്ചാക്കി കുറയ്ക്കണമെന്നും കേരളം നിര്‍ദേശിച്ചിരുന്നു. കഞ്ചാവിന് പുറമേ ഹാഷിഷ്, ബ്രൌണ്‍ഷുഗര്‍, ഒപിയം മുതല്‍ മോര്‍ഫിന്‍ വരെയുള്ള മയക്ക് മരുന്നുകളുടേയും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തുന്ന മിനിമം അളവ് കൂടുതല്‍ കുറയ്ക്കണമെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തുന്നതിലൂടെ മാത്രമേ സമൂഹത്തിന് ഗുണകരമായ രീതിയില്‍ നിയമം നടപ്പിലാക്കാനാകൂ എന്നും കേരളം 2014 ലും 2016 ലും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് അയച്ച കത്തുകളില്‍ ചൂണ്ടി കാണിച്ചിരുന്നു.

നിയമം കൂടുതല്‍ കര്‍ശനമാക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരും ചൂണ്ടികാണിക്കുന്നു.പുതിയ സര്‍ക്കാര്‍ അധികാരമേറ്റ എക്സൈസ് വകുപ്പിന്റെ ആവശ്യം പ്രകാരം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമാനമായ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.