LiveTV

Live

Kerala

എസ്എന്‍ ട്രസ്റ്റില്‍ പോര് മുറുകുന്നു

എസ്എന്‍ ട്രസ്റ്റില്‍ പോര് മുറുകുന്നു
Summary
വെള്ളാപ്പള്ളി പക്ഷത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്‌കുമാര്‍ ഉണ്ണി വിഭാഗം

തെരഞ്ഞെടുപ്പിന് ശേഷം എസ്എന്‍ ട്രസ്റ്റില്‍ വെള്ളാപ്പള്ളി വിഭാഗവും എതിര്‍ പക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. വെള്ളാപ്പള്ളി പക്ഷത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്‌കുമാര്‍ ഉണ്ണി വിഭാഗം. തന്നെ എതിര്‍ത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ സമുദായ ദ്രോഹികളാണെന്ന നിലപാടിലാണ് ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് വിജയത്തോടെ എതിര്‍പക്ഷത്തിനോടുള്ള നിലപാട് കൂടുതല്‍ ശക്തമാക്കിയെന്ന സൂചനയാണ് വെളളാപ്പള്ളി നടേശന്‍ നല്‍കുന്നത്.

ഏഴ് തവണ എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് 21 വര്‍ഷം ട്രസ്റ്റിനെ നയിച്ച വെള്ളാപ്പള്ളി നടേശന് എട്ടാം തവണ അധികാരത്തില്‍ വരാന്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ഇതിലുള്ള അമര്‍ഷം വെള്ളാപ്പള്ളി നടേശന്‍ മറച്ചു വെക്കുന്നില്ല. എതിരാളികളോടുള്ള മനോഭാവമെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൃത്യമായിത്തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

എതിരാളികളോട് പ്രത്യേക വിദ്വേഷമുണ്ടാവില്ലെന്ന് പറഞ്ഞെങ്കിലും അവരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളി കൃത്യമായ മറുപടി നല്‍കിയില്ല. വെള്ളാപ്പള്ളിയെ എതിര്‍ത്ത് മത്സരരംഗത്തുണ്ടായിരുന്ന രാജ്‌കുമാര്‍ ഉണ്ണി വിഭാഗവും പിറകോട്ടില്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ട്രസ്റ്റ് തെരഞ്ഞെടുപ്പ് നീതിപൂര്‍വമല്ല നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേസുകളുമായി മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ ധാരണ.

ഭാരവാഹി - നിര്‍വാഹക സമിതി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടെങ്കിലും രണ്ടു മേഖലകളില്‍ നിന്നായി ട്രസ്റ്റില്‍ 14 അംഗങ്ങളുണ്ടെന്നതിന്റെ ആത്മവിശ്വാസം ഇപ്പോള്‍ രാജ്‌കുമാര്‍ ഉണ്ണി വിഭാഗത്തിനുണ്ട്. ഇരുവിഭാഗങ്ങളും വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു പോകുമ്പോള്‍ എസ് എന്‍ ട്രസ്റ്റിന് വരാനിരിക്കുന്ന ദിനങ്ങള്‍ അത്ര ശാന്തിയുടേതും സമാധാനത്തിന്റേതും ആയിരിക്കില്ലെന്നാണ് സൂചന.