LiveTV

Live

Kerala

സെന്‍കുമാറിന്‍റെ ഗണ്‍മാനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല

സെന്‍കുമാറിന്‍റെ ഗണ്‍മാനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല
Summary
പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ ഗണ്‍മാന്‍ അനില്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കി സര്‍ക്കാരിനെ അറിയിക്കണമെന്നായിരുന്നു സെന്‍കുമാറിന്..

പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ ഗണ്‍മാന്‍ അനില്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ല. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കി സര്‍ക്കാരിനെ അറിയിക്കണമെന്നായിരുന്നു സെന്‍കുമാറിന് നല്‍കിയ നിര്‍ദ്ദേശം. ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

15 വര്‍ഷമായി ഒപ്പമുള്ള അനില്‍കുമാറിനെ താനറിയാതെ മാറ്റിയ ഉത്തരവ് തത്ക്കാലം നടപ്പിലാക്കേണ്ടന്നാണ് സെന്‍കുമാറിന്റെ തീരുമാനം. ഉത്തരവ് ഇറങ്ങിയ ദിവസം അവധിയെടുത്ത അനില്‍കുമാര്‍ പിന്നീടുള്ള ദിവസങ്ങളില്‍ പോലീസ് മേധാവിക്കൊപ്പമുണ്ട്. മെയ് 29ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ജൂണ്‍ ഒന്നിന് അനില്‍കുമാറിനെ തിരുവനന്തപുരം സിറ്റി പോലീസിലേക്ക് മടക്കി അയക്കണമായിരുന്നു. ഉത്തരവ് നടപ്പിലാക്കിയതിന് ശേഷം അറിയിക്കണമെന്ന് സെന്‍കുമാറിനോട് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ എന്തിനാണ് അനില്‍കുമാറിനെ മാറ്റിയതൊന്ന് ചോദിച്ച് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്തയക്കുകയാണ് സെന്‍കുമാര്‍ ചെയ്തത്. കത്തിന് ആഭ്യന്തര വകുപ്പ് മറുപടിയൊന്നും നല്‍കിയില്ല. മറുപടി നല്‍കില്ലെന്നാണ് സൂചന. എന്നാല്‍ മറുപടി കിട്ടിയതിന് ശേഷമേ അനില്‍കുമാറിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന നിലപാടിലാണ് സെന്‍കുമാര്‍. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ മറുപടി നല്‍കേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.