LiveTV

Live

Kerala

എല്‍പി, യുപി സ്കൂളിലെ പ്രധാന അധ്യാപകര്‍ ക്ലാസ്സെടുക്കേണ്ട

എല്‍പി, യുപി സ്കൂളിലെ പ്രധാന അധ്യാപകര്‍ ക്ലാസ്സെടുക്കേണ്ട
Summary
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്.

സംസ്ഥാനത്തെ എല്‍പി, യുപി സ്കൂളിലെ പ്രധാന അധ്യാപകര്‍ ഇനി മുതല്‍ കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരവ്. ഇതിനുപകരമായി എയിഡഡ് സ്കൂളുകളില്‍ സംരക്ഷിത അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്നും ഉത്തരവ് നിഷ്കര്‍ഷിക്കുന്നു. ഇതേ നയം ഹയര്‍സെക്കണ്ടറിയിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനകളും രംഗത്ത് എത്തി.

എല്‍പി സ്കൂളുകളില്‍ ഒന്നു മുതല്‍ നാല് വരെയോ ഒന്ന് മുതല്‍ അഞ്ച് വരെയോ ക്ലാസുകളിലായി 150ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ പ്രാധാന അധ്യാപകനെ ക്ലാസ് ഇന്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അഞ്ച് മുതല്‍ ഏഴ് ക്ലാസുകളുള്ള യുപി സ്കൂളുകളില്‍ 100ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ പ്രധാന അധ്യാപകന്‍ ക്ലാസ് എടുക്കേണ്ടതില്ല. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള യുപി സ്കൂളുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 150ല്‍ കൂടുതലോ അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ 100ല്‍ കൂടുതലോ വിദ്യാര്‍ഥികളുണ്ടെങ്കില്‍ പ്രഥമ അധ്യാപകന്‍ ക്ലാസ് എടുക്കേണ്ടതില്ലെന്നും ഉത്തരവ് വിശദീകരിക്കുന്നു.

എയിഡഡ് പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതിന് പകരമായി സംരക്ഷിത അധ്യാപകരെ നിയമിക്കണം. സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ദിവസ വേതനത്തിന് അധ്യാപകരെ പകരമായി നിയമിക്കും. അധ്യാപകരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായത്. ഇതേ നയം ഹയര്‍സെക്കണ്ടറിയിലും നടപ്പിലാക്കണമെന്നാണ് ഹയര്‍സെക്കണ്ടറി അധ്യാപകരുടേയും ആവശ്യം. ലബ്ബ കമ്മറ്റി ഇത്തരം നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു

എല്‍പി, യുപി സ്കൂളുകള്‍ക്ക് ബാധകമാവുന്ന ഉത്തരവ് വരുന്ന അധ്യായന വര്‍ഷത്തിലെ ആദ്യ ആഴ്ച തന്നെ നടപ്പിലാക്കണമെന്നാണ് ഡിപിഐയുടെ നിര്‍ദേശം. പകരം നിയമനങ്ങളും ഇതേ കാലയളവില്‍ പൂര്‍ത്തീകരിക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നല്‍കിയ സര്‍ക്കുലറിലും വിശദീകരിച്ചിട്ടുണ്ട്.