LiveTV

Live

Kerala

ജലക്ഷാമം രൂക്ഷം, ഐസ് നിര്‍മിക്കാന്‍ മലിന ജലം

ജലക്ഷാമം രൂക്ഷം, ഐസ് നിര്‍മിക്കാന്‍ മലിന ജലം
Summary
കോഴിക്കോട് നഗരത്തില്‍ മഞ്ഞപ്പിത്തം പടരാന്‍ ഐസ് ഉപയോഗം കാരണമാകുന്നതായും കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ജ്യൂസുകളിലും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇടുന്ന ഐസ് നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നത് മലിനജലം. കോളിഫോം ബാക്ടീരിയയുടെ തോത് വന്‍തോതിലുള്ള ജലമാണ് പലയിത്തും ഐസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് വിവിധ പരിശോധനകളില്‍ വ്യക്തമായി. കോഴിക്കോട് നഗരത്തില്‍ മഞ്ഞപ്പിത്തം പടരാന്‍ ഐസ് ഉപയോഗം കാരണമാകുന്നതായും കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനു കീഴിലെ ഐസ് ഫാക്ടറികളില്‍ ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണിത്. കോളിഫോം ബാക്ടീരിയയുടെ അളവ് കാണുക. ആയിരത്തി അറുനൂറു കടന്നിരിക്കുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെയുള്ള 20 ഐസ് ഫാക്ടറികളില്‍ പതിനെട്ട് എണ്ണത്തിലും കോളിഫോം ബാക്ടീരിയ ക്രമാതീതമായ തോതിലാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധനകളില്‍ കണ്ടെത്തി. ഇതിനു പുറമേയാണ് രാസവസ്തുക്കളടങ്ങിയ ബ്ലോക്ക് ഐസുകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നതായുള്ള കണ്ടെത്തല്‍. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതു വരുത്തി വെക്കുന്നത്.

ഐസുകളില്‍ നിറം ചേര്‍ക്കാനായി മാരക രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് ഇക്കാര്യം പരിശോധിക്കേണ്ടത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരിടുന്ന വെല്ലുവിളി.