LiveTV

Live

Kerala

അമ്പലപ്പുഴയില്‍ ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

Summary
ചിട്ടിക്കമ്പനി ഉടമ സുരേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു

അമ്പലപ്പുഴയില്‍ ദമ്പതികള്‍ ചിട്ടിക്കമ്പനി ഉടമയുടെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ചിട്ടിക്കമ്പനി ഉടമ സുരേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. സുരേഷാണ് തങ്ങളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് മരണമടഞ്ഞ വേണുവും ഭാര്യ സുമയും മരണമൊഴിയില്‍ പറഞ്ഞിരുന്നു.

അമ്പലപ്പുഴ സ്വദേശി സുരേഷ് നടത്തിയിരുന്ന ചിട്ടി സ്ഥാപനത്തില്‍ നിന്ന് ബാക്കിയുള്ള പണം കിട്ടുന്നതിന് വേണ്ടിയാണ് ഇടുക്കി രാജാക്കാട് സ്വദേശികളായ വേണുവും സുമയും ശനിയാഴ്ച രാവിലെ അമ്പലപ്പുഴയിലെത്തിയത്. രാവിലെ മുതല്‍ സുരേഷിന്‍റെ വീട്ടില്‍ കുത്തിയിരുന്ന ഇവരെ വൈകിട്ട് പൊള്ളലേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ ഇരുവരും മരിച്ചു. സുരേഷ് തങ്ങളുടെ മേല്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയതാണെന്ന് മരിക്കുന്നതിനു മുന്‍പ് ഇരുവരും പറഞ്ഞിരുന്നു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാല്‍ ബന്ധുവിന്‍റെ കല്യാണത്തിനു മുന്‍പ് പണം തിരിച്ചു കിട്ടില്ലെന്നുറപ്പായതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു.