LiveTV

Live

Kerala

വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന യുവതിയുടേയും അമ്മയുടേയും പരാതിയില്‍ നടപടിയില്ല

വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന യുവതിയുടേയും അമ്മയുടേയും പരാതിയില്‍ നടപടിയില്ല
Summary
നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാല്‍ പിന്നീട് വനിതാ സെല്‍ സി ഐ, ആലപ്പുഴ ഡി വൈ എസ് പി, എസ്പി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കി. ഇപ്പോഴും നടപടിയില്ലെന്ന് മാത്രമല്ല, എസ് പി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

രോഗിയായ യുവതിയെയും അമ്മയെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി വിട്ടെന്ന പരാതിയില്‍ വര്‍ഷങ്ങളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കാവാലം സ്വദേശികളായ യുവതിയും അമ്മയും വര്‍ഷങ്ങളായി കഴിയുന്നത് ആശുപത്രിക്കിടക്കയിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും. അടിച്ചിറക്കി വിട്ട മകനെതിരെ പരാതി കൊടുത്തതിന് ആലപ്പുഴ എസ് പി ഫോണില്‍ വിളിച്ചും എസ് എം എസ് വഴിയും ഭീഷണിപ്പെടുത്തിയതായും ആരോപണം. എസ് പിക്കെതിരെ യുവതിയും അമ്മയും ഡി ജി പിയ്ക്ക് പരാതി നല്‍കി.

2010ലാണ് കാവാലം ചക്രപ്പുരയില്‍ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മേരിക്കുട്ടിയെ രോഗിയും അവിവാഹിതയുമായ മകള്‍ ബെറ്റിയോടൊപ്പം സ്വന്തം മകനും മരുമകളും വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. കൈവശമുള്ള പതിമൂന്നര സെന്റ് പുരയിടവും വീടും രണ്ടേക്കര്‍ കൃഷിസ്ഥലവും തട്ടിയെടുക്കാനായിരുന്നു ഇതെന്ന് മേരിക്കുട്ടി പറയുന്നു. അന്നു മുതല്‍ റോഡരികിലും അഗതി മന്ദിരത്തിലും രോഗിയായ മകളോടൊപ്പം ആശുപത്രിക്കിടക്കയിലും ഒക്കെയാണ് കഴിയുന്നത്. കഴിഞ്ഞ ഏഴ് മാസമായി ആലപ്പുഴ ജനറല്‍ ആശുപത്രിയിലുണ്ട്.

ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുള്ള കാര്യം മറച്ചുവെച്ച് തന്റെ മകനെ വിവാഹം ചെയ്ത മരുമകള്‍ തന്റെ പേരക്കുട്ടികളെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അവിടെ ആകുട്ടികളെ പീഡിപ്പിക്കുകയാണെന്നും മേരിക്കുട്ടി പറയുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് പുളിങ്കുന്ന് സ്‌റ്റേഷനിലെ എസ് ഐയ്ക്കും സി ഐയ്ക്കും പരാതി നല്‍കി. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാല്‍ പിന്നീട് വനിതാ സെല്‍ സി ഐ, ആലപ്പുഴ ഡി വൈ എസ് പി, എസ്പി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കി. ഇപ്പോഴും നടപടിയില്ലെന്ന് മാത്രമല്ല, എസ് പി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

തനിക്കും മകള്‍ക്കും വീട്ടില്‍ താമസിക്കാന്‍ അവസരമുണ്ടാക്കണമെന്നും മറ്റൊരു വീട്ടില്‍ പീഡനം സഹിച്ച് ജീവിക്കുന്ന പേരക്കുട്ടികളെ തിരിച്ചു കിട്ടണമെന്നും ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് മേരിക്കുട്ടി ഡി ജി പിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.