LiveTV

Live

Kerala

കൊട്ടിയൂര്‍ ബലാത്സംഗം: വൈദികന്‍ ബൈബിള്‍ വചനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് കോടതി

കൊട്ടിയൂര്‍ ബലാത്സംഗം: വൈദികന്‍ ബൈബിള്‍ വചനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് കോടതി
Summary
ബൈബിള്‍ എന്നത് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന മഹത് ഗ്രന്ഥമാണ്. ആ ബൈബിളിലെ സന്ദേശങ്ങളെ പ്രതി ദുര്‍വ്യാഖ്യാനം

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വൈദികന്‍ റോബിന്‍ വടക്കുംചേരി ബൈബിള്‍ വചനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് കോടതി. നിരാലംബരും പാവപ്പെട്ടവരുമായ ജനതക്ക് വഴികാട്ടിയാവേണ്ട ഒരു വ്യക്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചത് അക്ഷന്തവ്യമായ അപരാധമാണന്നും തലശേരി പോക്സോ കോടതി ജഡ്ജ് പറഞ്ഞു.

കൊട്ടിയൂര്‍ പീഢന കേസിലെ ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കും ചേരി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തളളിക്കൊണ്ടുളള വിധിന്യായത്തിലാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ശ്രീകലാ സുരേഷ് വൈദികനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ബൈബിള്‍ എന്നത് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന മഹത് ഗ്രന്ഥമാണ്. ആ ബൈബിളിലെ സന്ദേശങ്ങളെ പ്രതി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ നിലനില്പ്പ് തന്നെ അപകടത്തിലാകുമെന്നും പത്ത് പേജുളള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് റോബിന്‍ വടക്കുംചേരി തന്നെയാണന്ന ഡിഎന്‍എ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.