LiveTV

Live

Kerala

നന്മയുടെ മുഖമായി ഫാത്തിമ ബിസ്മി

Summary
ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയ അപൂര്‍വസൌഹൃദത്തിന്‍റെ കാഴ്ചയാണ് ബിസ്മിയും അനുഗ്രഹും.

നിഷ്കളങ്കമായ സൌഹൃദത്തിനൊപ്പം കുഞ്ഞുമനസിന്‍റെ നന്മയാണ് കോഴിക്കോട് പറമ്പില്‍കടവ് സ്വദേശി ഫാത്തിമ ബിസ്മി. ആറാംക്ലാസുകാരിയായ ബിസ്മിയുടെ കരുതലിലാണ് സെറിബല്‍ പാള്സി ബാധിച്ച സഹപാഠി ‌അനുഗ്രഹ് പഠിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയ അപൂര്‍വസൌഹൃദത്തിന്‍റെ കാഴ്ചയാണ് ബിസ്മിയും അനുഗ്രഹും.

ഫാത്തിമ ബിസ്മി. പറമ്പില്‍കടവ് മുഹമ്മദ് അബ്ദുറഹ്മാന്‍ ‍സ്മാരക സ്കൂളില്‍ എത്തുമ്പോള്‍ വയസ് അഞ്ച്. അന്ന് ക്ലാസില്‍ ഒരു സഹപാഠിയുമെത്തി. സെറിബല്‍ പാള്സി ബാധിച്ച് നടക്കാന്‍ പോലും കഴിയാതിരുന്ന അനുഗ്രഹ്. അക്ഷരം ഉറയ്ക്കും മുന്പേ ബിസ്മിയുടെ നന്മയുളള മനസ് അനുഗ്രഹിന് കൂട്ടായി. താങ്ങും തണലുമായി. രണ്ട് ബെഞ്ചിലിരുന്ന അവര്‍ ഒരു ബെഞ്ചിലേക്ക് മാറി. ഉച്ചയ്ക്ക് ചോറ് വാരികൊടുത്തു. അവനെ പഠനത്തില്‍ സഹായിച്ചു. ഇന്നിപ്പോള്‍ സ്കൂളിലെ അനുഗ്രഹിന്‍റെ രക്ഷിതാവ് ബിസ്മിയാണ്. ബിസ്മി ഒപ്പം കൂടിയപ്പോള്‍ അനുഗ്രഹും മാറി. ഇപ്പോള്‍ അവന്‍ ഒറ്റയ്ക്ക് നടക്കും. എങ്കിലും ഒരു കൈതാങ്ങായി ബിസ്മിയുണ്ടാകും. ഇരട്ടസഹോദരന്‍ അഭിരാം ഒപ്പമുണ്ടെങ്കിലും അനുഗ്രഹിന് ബിസ്മി തന്നെ വേണം എല്ലാത്തിനും.