LiveTV

Live

Kerala

ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി
Summary
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതിയും പിടിയിലായതായി സൂചന

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. വെച്ചൂച്ചിറയിലെ ഒരു വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

റാന്നി വെച്ചൂച്ചിറയില്‍ നിന്ന് വൈകിട്ട് ഏഴരയോടെയാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാന്നി സ്വദേശിനി ലീന, ഭര്‍ത്താവ് അനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൂഞ്ഞുങ്ങളില്ലാത്ത ലീന ജില്ലാ ആശുപത്രിയിലെത്തി 2 ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് റാന്നി സ്വദേശികളായ സജി-അനിത ദമ്പതികളുടെ കുഞ്ഞിനെ യുവതി തട്ടിയെടുത്തത്. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന സമീപിച്ചാണ് ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്തത്. യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്. എട്ട് ലക്ഷം ഫോണ്‍കോളുകളുടെ വിശദാംശങ്ങളാണ് പൊലീസ് ഇതിനായി ശേഖരിച്ചത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി വീണ്ടെടുക്കാനായതും കേസില്‍ നിര്‍ണായകമായി. കുഞ്ഞുങ്ങളില്ലാത്തതിനാല്‍ സ്വന്തം കുട്ടിയായി വളര്‍ത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ചോദ്യംചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.