LiveTV

Live

Kerala

എല്ലാ പരാതികള്‍ക്കും വിജിലന്‍സ് കേസെടുക്കരുതെന്ന് പിണറായി

എല്ലാ പരാതികള്‍ക്കും വിജിലന്‍സ് കേസെടുക്കരുതെന്ന് പിണറായി
Summary
ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരെ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിച്ചത്.

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കി. പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്ട്രര്‍ ചെയ്യരുതെന്ന നിയന്ത്രണമാണ് ഇതില്‍ പ്രധാനം. ഒരാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചയുടന്‍ അയാളെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരെ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിച്ചത്.

ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശങ്ങള്‍ കേള്‍ക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിട്ടുന്ന എല്ലാം പരാതികളും കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷിക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. പരാതി ആദ്യം ആഭ്യന്തര വിജിലന്‍സിന് കൈമാറണം. അവര്‍ അന്വേഷിച്ചതിന് ശേഷം കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പറഞ്ഞാല്‍ മാത്രമേ കേസെടുക്കാവൂ. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി ശിപാര്‍ശ ചെയ്യുമ്പോള്‍ വേണ്ടത്ര കൂടിയാലോചകള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ നിയമങ്ങളുടേയും കോടതി വിധികളുടേയും പരിധിയില്‍ നില്‍ക്കുന്ന രീതിയിലുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്ന കാര്യവും ജേക്കബ് തോമസിനെ സര്‍ക്കാര്‍ അറിയിച്ചു. ത്വരിത പരിശോധന പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ അന്വേഷണം നടക്കുന്ന ആളെ അഴിമതിക്കാരനായി ചിത്രീകരിക്കരുതെന്ന കാര്യവും പറഞ്ഞു. വിജിലന്‍സിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന മുന്നറിയിപ്പും വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.