LiveTV

Live

Kerala

ബൈക്കപകടത്തെ തുടര്‍ന്ന് ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ 18കാരന്‍

Summary
എന്നാല്‍ അപകടസമയത്ത് 18 വയസ്സ് തികയാതിരുന്നതിനാല്‍ നഷ്ടപരിഹാര തുക ലഭിച്ചില്ല..

ബൈക്കപടകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളില്‍ ഒരാളാണ് തൃശ്ശൂരിലെ 18 കാരന്‍ ഹരിദാസ്. മരണത്തിന്റെ അരികില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹരിദാസിന് പക്ഷേ ഒരു കാല്‍ നഷ്ടപ്പെട്ടു. ജീവിതത്തിന്റെ മുന്നില്‍ ഇപ്പോഴും പകച്ച് നില്‍ക്കുകയാണ് ഈ യുവാവ്.

ഒരപകടം. അത് ഹരിദാസ് എന്ന ഈ 18 കാരന്റെ ജീവിതം ഈ അവസ്ഥയിലാക്കി. അച്ഛനെ സഹായിക്കാന്‍ കുട്ടിക്കാലം മുതലേ ജോലിക്ക് പോയി തുടങ്ങിയതാണ് ഹരിദാസ്. അങ്ങനെ ഒരു ദിവസമാണ് ബൈക്കില്‍ യാത്ര ചെയ്യവെ ഒരു കെ എസ് ആര്‍ ടിസി ബസ്സ് ഇടിച്ച് വീഴ്ത്തുന്നത്. ബസ്സിന്റെ ചക്രം കയറിയതിനെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ച് മാറ്റി. അരയ്ക്ക് താഴെ തളര്‍ന്നു. മരിച്ചെന്ന് കരുതിയിടത്ത് നിന്ന് ഒന്‍പത് മാസത്തെ ചികിത്സക്ക് ശേഷം ഹരിദാസിന് ജീവന്‍ തിരിച്ചു കിട്ടി.

എന്നാല്‍ അപകടസമയത്ത് 18 വയസ്സ് തികയാതിരുന്നതിനാല്‍ നഷ്ടപരിഹാര തുക ലഭിച്ചില്ല. ചികിത്സക്കായി വീട് വിറ്റു. അച്ഛന്‍ കുട്ടനാകട്ടെ പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഹരിദാസിനെ ശുശ്രൂഷിച്ച് കഴിയുന്നു.

കോഴിക്കോട് ചാത്തമംഗലത്തെ സ്വാന്തനം ട്രസ്റ്റാണ് ഹരിദാസിനും അച്ഛനും ഇപ്പോഴത്തെ അത്താണി. കയറി കിടക്കാന്‍ ഒരു വീട് വേണം. അനിയനെ അനാഥാലയത്തില്‍ നിന്നും കൊണ്ട് വരണം. ഹരിദാസിന് സ്വപ്നങ്ങള്‍ ഏറെയാണ്.