LiveTV

Live

Kerala

പ്രവാസികള്‍ക്ക് കെഎസ്എഫ്ഇ ചിട്ടികള്‍

പ്രവാസികള്‍ക്ക് കെഎസ്എഫ്ഇ ചിട്ടികള്‍
Summary
പ്രവാസികള്‍ അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും കെഎസ്എഫ്ഇയുടെ സമ്പൂര്‍ണ്ണ സുരക്ഷിതത്വവുമുണ്ടായിരിക്കും...

പ്രവാസികളുടെ ചിട്ടിതുക കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.

തീരദേശ ഹൈവേയുടേയും മലയോര ഹൈവേയുടേയും നിര്‍മ്മാണം പ്രവാസികളുടെ കൂടി പിന്തുണയില്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം തിരുവനന്തപുരം എന്നീ ഒമ്പത് ജില്ലകളിലൂടെയാണ് മലയോര ഹൈവേ പോകുക. മലയോര ഹൈവേക്ക് ആവശ്യമായ 3500 കോടിയും തീരദേശ ഹൈവേക്ക് 6500 കോടി രൂപയും കിഫ്ബി അനുവദിക്കും.

നാടിന്റെ വികസന ആവശ്യങ്ങള്‍ക്ക് ചിട്ടിയെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വിദേശ മലയാളികളും ഒരു പൈസപോലും സര്‍ക്കാരിന് സംഭാവന നല്‍കേണ്ടതില്ല. അവര്‍ ചെയ്യേണ്ടത് കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളില്‍ ചേരുകമാത്രമാണ്. പ്രവാസി ചിട്ടിക്ക് കെഎസ്എഫ്ഇ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പ്രവാസികളെ ചിട്ടികളില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. കിഫ്ബി വഴി നടപ്പാക്കുന്ന 10000 കോടി രൂപയുടെ തീരദേശ, മലയോര ഹൈവേയുടെ ബോണ്ടുകള്‍ ഈ ചിട്ടികള്‍ വഴി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത്തരം ചിട്ടികളില്‍ ഏതെങ്കിലും പേമെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് ചിട്ടിതുക അടയ്ക്കാം. അങ്ങനെ അടയ്ക്കുന്ന പണം കെഎസ്എഫ്ഇയുടെ പേരില്‍ കിഫ്ബിയുടെ ബോണ്ടുകളില്‍ അപ്പപ്പോള്‍ നിക്ഷേപിക്കപ്പെടും. ചിട്ടിപിടിക്കുമ്പോഴോ നറുക്ക് ലഭിക്കുമ്പോഴോ ആവശ്യമായ പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് അധികാരമുണ്ടാകും. മിച്ചമുള്ള പണം കിഫ്ബി ബോണ്ടുകളില്‍ കിടക്കും.

പ്രവാസികള്‍ അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും കെഎസ്എഫ്ഇയുടെ സമ്പൂര്‍ണ്ണ സുരക്ഷിതത്വവുമുണ്ട്. കിഫ്ബിയുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നതുകൊണ്ട് ഒരു അധിക റിസ്‌കും പ്രവാസികള്‍ക്കില്ല. അതേസമയം സുരക്ഷിത സമ്പാദ്യത്തിനൊപ്പം നാടിന്റെ വികസനത്തിലും പങ്കാളിയാകുന്നു. ജൂണ്‍ മാസത്തിനകം ചിട്ടി നടപ്പാക്കാന്‍ കെഎസ്എഫ്ഇ ഒരുങ്ങിക്കഴിഞ്ഞു. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12000 കോടി സമാഹരിക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.