LiveTV

Live

Kerala

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം; ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനകം

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം; ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനകം
Summary
ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റാ ബാങ്ക് പൂര്‍ത്തീകരിക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഒരു വര്‍ഷം കൊണ്ട് ഡാറ്റാബാങ്ക് തയ്യാറാക്കും എന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം ഇതുവരെയും നടപ്പായില്ല. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റാ ബാങ്ക് പൂര്‍ത്തീകരിക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. നെല്‍കൃഷി പ്രോത്സാഹന പദ്ധതികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായി കര്‍ഷകര്‍ സാക്ഷ്യപെടുത്തുന്നു.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലായത്, ആറന്മുളയിലും മെത്രാന്‍ കായലിലുമാണ്. രണ്ടിടത്തും സര്‍ക്കാര്‍ തന്നെ നെല്‍കൃഷിക്ക് നേതൃത്വം നല്‍കി. എന്നാല്‍, വരള്‍ച്ച മൂലവും മറ്റ് കാരണങ്ങളാലും നെല്‍കൃഷിയുടെ വ്യാപ്തി കുറയുകയാണ് ചെയ്തത്. വയലുകള്‍ തരിശിടരുതെന്ന് ബജറ്റ് നിര്‍ദേശമുണ്ടായെങ്കിലും മിക്കയിടത്തും ആരും കൃഷിയിറക്കിയില്ല. ഇതിനായുളള പ്രായോഗിക പദ്ധതികളുമുണ്ടായില്ല, സംഭരണവില വൈകില്ലെന്ന പ്രഖ്യാപനം പാഴ്‌വാക്കായി.

നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഡാറ്റ ബാങ്കിന്റെ കരട് ഇനിയും പ്രസിദ്ധീകരിക്കാത്തതിനാല്‍ നിയമം ഫലപ്രദമായി നടപ്പായിട്ടില്ല. ഈ വര്‍ഷം കരട് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡാറ്റ ബാങ്ക് തയ്യാറാക്കുവാന്‍ 5 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും സാറ്റ്‍ലൈറ്റ് മാപ്പിങ്ങ് പോലും നടന്നില്ല. ഇത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും.