LiveTV

Live

Kerala

പുഞ്ചവയല്‍ കൊയ്യാന്‍ കുട്ടനാട് ഒരുങ്ങി

Summary
കായൽ നിലങ്ങളിലും പാടശേഖരങ്ങളിലുമായി പ്രത്യേകം നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

വരൾച്ചയടക്കമുള്ള ഭീഷണി നേരിട്ട കുട്ടനാട്ടിൽ പാടങ്ങൾ പുഞ്ചക്കൊയ്ത്തിന് തയ്യാറായി. കർഷകരുടെ ആവശ്യം പരിഗണിച്ച് ആധുനിക കൊയ്ത്തു യന്ത്രങ്ങളെത്തിക്കാനും സ്വകാര്യ യന്ത്രങ്ങളുടെ വാടക വർധിപ്പിക്കാനും തീരുമാനിച്ചു. കായൽ നിലങ്ങളിലും പാടശേഖരങ്ങളിലുമായി പ്രത്യേകം നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

പോരിവെയിലത്ത് കർഷകൻ തന്നെയിറങ്ങി കൊയ്തിരുന്ന പാടത്താണ് യന്ത്രമിറക്കിയത്. അപ്പോൾ വാടകയെന്ന പ്രശ്നം നിരന്തരം അലട്ടിയിരുന്നു. ഇപ്പോൾ വാടക മാത്രമല്ല യന്ത്രത്തെ പരമാവധി ആധുനികമാക്കുകയാണ്. ദുരുപയോഗം തടയാൻ സർക്കാരിന്റെ കൊയ്തു മെതി യന്ത്രങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കും. സ്വകാര്യ കൊയ്ത്തു യന്ത്രങ്ങളുടെ വാടക കഴിഞ്ഞ തവണത്തേക്കാൾ 100 രൂപ കൂട്ടി നിശ്ചയിച്ചു. കൊയ്യുന്നതിന് നാളുകൾക്ക് മുന്നേ എടുത്ത നടപടിയിൽ കർഷകർ സന്തോഷത്തിലാണ്.

സർക്കാർ യന്ത്രങ്ങൾക്ക് 800 രൂപയായിരിക്കും വാടക. കായൽ നിലങ്ങളിൽ മണിക്കൂറിൽ 1800 രൂപയും പാടശേഖരങ്ങളിൽ 1650 രൂപയുമാണ് വാടക. നെല്ല് കയറ്റിയിറക്കുന്നതിനുള്ള ചുമട്ടുകൂലി ഏകീകരിക്കുന്ന നടപടി ഉടനുണ്ടാകും. കുട്ടനാടൻ കർഷകന്റെ ജീവനോപാധിയായ നെൻമണികൾ ഒന്നും നഷ്ടപ്പെടാതെ കൊയ്തെടുക്കാനുള്ള മുൻകരുതലാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.