LiveTV

Live

Kerala

ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം: ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി

 ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം: ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി
Summary
കോഴിക്കോട് നാദാപുരത്ത് ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം

എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോഴിക്കോട് നാദാപുരത്ത് ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രി എ കെ ബാലന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മ ആരോഗ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതേതുടര്‍ന്നാണ് കെ കെ ശൈലജ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. പിജി വിദ്യാര്‍ഥി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഭവവത്തില്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പിഴവ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു സുധീരന്റെ പ്രതികരണം. സര്‍ക്കാരിനെതിരായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരാതികളും അന്വേഷിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ ജിഷ്ണുവിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.