LiveTV

Live

Kerala

ജിഷ്ണു കോപ്പിയടിച്ചതായി കരുതില്ലെന്ന് എഡിജിപി

ജിഷ്ണു കോപ്പിയടിച്ചതായി കരുതില്ലെന്ന് എഡിജിപി
Summary
പാമ്പാടി നെഹ്റു കോളജ് ഉന്നത പൊലീസ് സംഘം സന്ദര്‍ശിച്ചു

തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി കരുതുന്നില്ലെന്ന് എഡിജിപി സുദേഷ് കുമാര്‍. ജിഷ്ണുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തുന്നതടക്കം പരിശോധിച്ച് വരികയാണെന്നും കോളജ് സന്ദര്‍ശിച്ച ശേഷം എഡിജിപി പറഞ്ഞു

ഉത്തര മേഖല എഡിജിപി സുദേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം പാമ്പാടി നെഹ്റു കോളജിലെത്തി വിശദമായ മൊഴിയെടുത്തു. പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ജിഷ്ണു പരീക്ഷ എഴുതിയ ഹാളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ മുറിയും സംഘം പരിശോധിച്ചു. ജിഷ്ണു മാനസിക പീഡനം അനുഭവിച്ചെന്ന പരാതി ഗൌരവമായി കാണാനാണ് തീരുമാനം. തെളിവുകള്‍ ലഭിച്ചാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പ്രേരണാകുറ്റം അടക്കമുള്ള മറ്റ് വകുപ്പുകള്‍ ചേര്‍ക്കുന്നത് പരിശോധിക്കും.

പരീക്ഷാ ഹാളില്‍ ജിഷ്ണു ഇരുന്ന സ്ഥലം നോക്കുമ്പോള്‍ നോക്കി എഴുതാന്‍ സാധ്യതയില്ലെന്ന് സംഘം വിലയിരുത്തി. മറ്റ് വിദ്യാര്‍ഥികളുടെയും മൊഴി ഇത് തന്നെയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍‌കുന്ന എ എസ് പി കിരണ്‍ നാരായണന്‍, തൃശൂര്‍ റൂറല്‍ എസ്‍പി എന്‍ വിജയകുമാര്‍ എന്നിവരുമായി സംഘം അന്വേഷണ പുരോഗതി വിലയിരുത്തി.