LiveTV

Live

Kerala

സിപിഎമ്മിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്തണം: കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്

സിപിഎമ്മിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്തണം: കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്
Summary
പിബി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

സിപിഎമ്മിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് കത്ത് നല്‍കിയത്. പിബി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

സിപിഎമ്മിന് ദേശീയ തലത്തിലുളള സംഘടന ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇന്ന് രാവിലെ മകന്‍ അരുണ്‍കുമാര്‍ മുഖേന കത്ത് കൈമാറുകയായിരുന്നു.സംഘടന സംവിധാനം കൂടുതല്‍ ശക്തമാക്കമെന്നും ജനകീയ സമരങ്ങള്‍ കരുത്തോടെ മുന്നോട്ട് കൊണ്ടു പോകാനാകണമെന്നുമാണ് കത്തില്‍ വിഎസ് ആവശ്യപ്പെടുന്നത്.

അതിനിടെ സിപിഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി.കേന്ദ്ര കമ്മറ്റിയിലെ ചര്‍ച്ചകള്‍ തീരുമാനിക്കുന്നതിനുളള പിബി യോഗം എകെജി സെന്ററില്‍ പുരോഗമിക്കുകയാണ്. നാളെ മുതല്‍ മൂന്ന് ദിവസമാണ് കേന്ദ്രകമ്മറ്റി നടക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ 5 നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും നോട്ട് അസാധുവാക്കലുമാണ് നേതൃയോഗത്തിന്റെ മുഖ്യ അജണ്ട.

വി എസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്കലംഘന പരാതി പരിശോധിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി തീര്‍പ്പാക്കുമോയെന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതടക്കം സംസ്ഥാന നേതൃത്വം വിഎസിനെതിരെ ഉന്നയിച്ച പരാതിയും സംസ്ഥാന നേതൃത്വത്തിനെതിരെയുളള വിഎസിന്റെ ആരോപണങ്ങളുമാണ് പിബി കമ്മീഷന്‍ പരിശോധിച്ചത്. പരാതികളില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയെങ്കിലും അച്ചടക്ക നടപടികളിലേക്ക് കേന്ദ്രകമ്മിറ്റി കടക്കില്ലെന്നാണ് സൂചന. വിഎസിന്റെ പാര്‍ട്ടിയിലെ പദവി നിശ്ചയിക്കുന്നതും യോഗത്തിന്റെ പരിഗണനയിലുണ്ട്.

ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗം പരിശോധിക്കും. അഞ്ചേരി ബേബി വധക്കേസില്‍ കോടതി വിധിവന്നതിന് ശേഷവും എം എം മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെ വിഎസ് നല്‍കിയ പരാതിയും പരിഗണനയില്‍ വന്നേക്കും.