LiveTV

Live

Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍
Summary
ഫയലുകളില്‍ രാഷ്ട്രീയ പരിഗണന വെച്ച് തീരുമാനങ്ങളെടുക്കരുത്; പാരിതോഷികങ്ങള്‍ സ്വീകരിക്കരുത്

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കൃത്യസമയത്ത് ഓഫീസുകളില്‍ എത്തുക, ഏജന്റുമാരുടെ സ്വാധീനങ്ങളില്‍ വീഴരുതെന്ന് അടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. ആറുമാസം പിന്നിട്ട സര്‍ക്കാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്.

വിവിധ വകുപ്പുകളിലെ സ്റ്റാഫ് അംഗങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ മുഴുവന്‍ സ്റ്റാഫ് അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ല, ചെറിയ പാരിതോഷികങ്ങള്‍ പോലും വാങ്ങരുത്, കൃത്യനിഷ്ഠത പാലിക്കുക, പുറത്ത് പോകുമ്പോള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുക, ആരുടെയും സ്വാധീനത്തെ തുടര്‍ന്ന് തീരുമാനമെടുക്കരുത്, മറ്റു വകുപ്പുകളില്‍ ഇടപെടരുത് എന്നീ കര്‍ശന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി പുറത്തെത്തിയപ്പോള്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നാണ് പ്രതികരിച്ചത്.

സെക്രട്ടറിയേറ്റുകളിലെത്തുന്ന ഫയലുകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാനും, സര്‍ക്കാരില്‍ പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും വേണ്ട നിര്‍ദേശങ്ങളാണ് യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗവും ചേര്‍ന്നിരുന്നു.