LiveTV

Live

Kerala

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തിലുള്ളത് 15 ചിത്രങ്ങള്‍

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തിലുള്ളത് 15 ചിത്രങ്ങള്‍
Summary
മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.

15 ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാന്‍ഹോള്‍, കാടു പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.

നഗരസഭയുടെ ശുചീകരണതൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥയാണ് വിധുവിന്‍സെന്റിന്റെ മാന്‍ഹോള്‍ പറയുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരവിഭാഗത്തിലേക്ക് ഒരു മലയാളി സംവിധായികയുടെ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത്. വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് കാട് പൂക്കുന്ന നേരം.

മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം ഓസ്‌കാറിലേക്കുള്ള അവസാന പട്ടികയില്‍ ഇടംപിടിച്ചിരുന്നു. മൂന്ന് പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളിലും കാടുപൂക്കുന്ന നേരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൈബല്‍ മിത്രയുടെ ബംഗാളി സിനിമ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകി എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

മൊഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ്, തുര്‍ക്കിയില്‍ നിന്നുള്ള കോള്‍ഡ് ഓഫ് കലണ്ടര്‍, ക്ലെയര്‍ ഒബ്‌സക്യൂര്‍, ഇറാന്‍ സിനിമ വെയര്‍ ആര്‍ മൈ ഷൂസ്, ഫിലിപൈന്‍സ് ചിത്രം ഡൈ ബ്യൂട്ടിഫുള്‍, ചൈനയില്‍ നിന്നുള്ള സോള്‍ ഓണ്‍ എ സ്ട്രിംഗ്, നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍, നാന ഒബിരി മാക്‌സിമിലിയന്‍ കൂട്ടുകെട്ടിന്റെ ദി കഴ്‌സ്ഡ് വണ്‍സ്, സിംഗപ്പൂര്‍ ചിത്രം ദി റിട്ടേണ്‍, ദക്ഷിണാഫ്രിക്കന്‍ ചിത്രം സിങ്ക്, മെകിസ്‌കന്‍ ചിത്രം വെയര്‍ഹൗസ്ഡ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ കസാഖിസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകന്‍ അബാസ് കിയരോസ്തമി, പോളിഷ് സംവിധായകന്‍ ആന്ദ്രേവൈദ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായകരായ രാജേഷ് പിള്ളയുടെ ട്രാഫിക്, ശശിശങ്കറിന്റെ നാരായം, ടി എ റസാഖിന്റെ പെരുമഴക്കാലം ഷെരീഫിന്റെ അവളുടെ രാവുകള്‍, കല്‍പന അഭിനയിച്ച തനിച്ചല്ല ഞാന്‍, കലാഭവന്‍ മണിയുടെ ആയിരത്തിലൊരുവന്‍ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.