LiveTV

Live

Kerala

പോലീസ് സ്‌റ്റേഷനുകളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍

പോലീസ് സ്‌റ്റേഷനുകളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍
Summary
സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ജീവനക്കാര്‍ ഉച്ചഭക്ഷണം വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളിലേ കൊണ്ടുവരാവൂ.

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലും, ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. പ്ലാസ്റ്റിക്ക് കപ്പുകളും, പ്ലേറ്റുകളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും സര്‍ക്കുലറിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എഡിജിപിമാരെ ചുമതലപ്പെടുത്തി.

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ കര്‍ശനമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലറിലുള്ളത്. സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ജീവനക്കാര്‍ ഉച്ചഭക്ഷണം വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളിലേ കൊണ്ടുവരാവൂ.

പോലീസ് നടത്തുന്ന ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ തുണിയിലും പേപ്പറിലും ഉള്ളതായിരിക്കണം. കുപ്പിവെള്ളം ഓഫീസുകളില്‍ കൊണ്ടുവരരുത്. രഹസ്യസ്വഭാവം ഉള്ള പേപ്പറുകള്‍ ഉപയോഗിച്ച ശേഷം ഷ്രെഡര്‍ മെഷീന്‍ ഉപയോഗിച്ച് നിര്‍മ്മാര്‍ജനം ചെയ്യണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ഏറ്റവും മികച്ച രീതിയില്‍ നിര്‍ദ്ദേശം പാലിക്കുന്ന സ്‌റ്റേഷനുകള്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിര്‍ദ്ദേശങ്ങള്‍പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ എഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോരുത്തരുടേയും കീഴിലുള്ള സ്‌റ്റേഷനുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എല്ലാ മാസവും സമര്‍പ്പിക്കാന്‍ ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.