LiveTV

Live

Kerala

ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളൊക്കെ കുഴപ്പക്കാരാണോ...രാജനന്ദിനി ചോദിക്കുന്നു

ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളൊക്കെ കുഴപ്പക്കാരാണോ...രാജനന്ദിനി ചോദിക്കുന്നു
Summary
പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ അയാളുടെ കൂടെ കഴിയാന്‍ ക്ഷണിക്കുകയായിരുന്നു
ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളൊക്കെ കുഴപ്പക്കാരാണോ...രാജനന്ദിനി ചോദിക്കുന്നു

സ്ത്രീ ശരീരത്തിന് മേല്‍ കൈകളുയരുമ്പോള്‍...അവളുടെ മാനത്തിന് വാക്കുകള്‍ കൊണ്ട് വിലയിടുമ്പോള്‍ പ്രതികരിച്ചിട്ടും കാര്യമില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ തിരുവാങ്കുളം സ്വദേശിനി രാജനന്ദിനിക്കുണ്ടായ അനുഭവം. ശനിയാഴ്ച രാത്രി എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ അയാളുടെ കൂടെ കഴിയാന്‍ ക്ഷണിക്കുകയായിരുന്നു. രാജനന്ദിനി അയാളുടെ കരണത്തടിച്ചെങ്കിലും അയാള്‍ ഓടി. ഒടുവില്‍ അയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ കള്ളു കുടിച്ചായിട്ടിരിക്കും എന്ന തണുപ്പന്‍ മറുപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതി അങ്കമാലി സ്വദേശി അലോഷ്യസി (58)നെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

രാജനന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ലേഖനത്തിന്റെ മുഴുവൻ ഭാഗം വായിക്കാതിരിക്കല്ലേ
സ്ത്രീകൾ ഇവിടെ എങ്ങനെ ജീവിക്കും?
......................................
ഈ നാട്ടിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമില്ലെ? അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മൂടി വച്ച് കഴിയാണമെന്നാണോ?എന്താണ് ഇവിടത്തെ ചില പുരുഷന്മാർ ധരിച്ചു വച്ചിരിക്കുന്നത്? ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളൊക്കെ പിഴകളാണെന്നോ?എന്റെ അനുഭവം നിങ്ങളോട് ചോദിക്കുന്നത് അതാണ്.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി ഒമ്പത് മണിക്കുള്ള ബികാനിർ എക്സ്പ്രസിൽ പോകാനായി എത്തിയ എന്നോട് പ്ലാറ്ഫോമിലൂടെ നടന്നുപോകുമ്പോൾ,ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ ചോദിക്കുകയാണ് ഇന്ന് രാത്രി അയാളുടെ കൂടെ കഴിഞ്ഞൂടെ എന്ന്.കാതുകൾ വിശ്വസിക്കാൻ എനിക്കാദ്യം കഴിഞ്ഞില്ല.നടുക്കം മാറിയപ്പോൾ ഞാനയാളുടെ ചെകിടത്തു ഒന്ന് പൊട്ടിച്ചു.തടയാൻ ശ്രമിച്ചു കൊണ്ട് അയാൾ തിരിഞ്ഞോടി.അത്രയും നേരമുള്ള എന്റെ മൽപിടുത്തം നോക്കി നിസ്സംഗരായി നിൽക്കുകയായിരുന്നു ജനക്കൂട്ടം.സ്ത്രീകൾക്കെങ്കിലും മുന്നോട്ടു വരാമായിരുന്നു.ആരും അനങ്ങിയില്ല.അയാളുടെ പിന്നാലെ ഓടിയെത്താൻ കഴിയാതെ കാഴ്ചക്കാരോട് ഞാൻ വിളിച്ച് അഭ്യര്‍ഥിച്ചപ്പോൾ,രണ്ടുപേർ മുന്നോട്ടു വന്ന് അയാളെ പിടിച്ചു തൊട്ടടുത്തുണ്ടായിരുന്ന പോലീസിലേല്പിച്ചു.എന്നാൽ പോലീസിന്റെ തണുത്ത പ്രതികരണം ഇങ്ങനെയായിരുന്നു.ഓ...അയാൾ കള്ളുകുടിച്ചിട്ടായിരിക്കും.അപ്പോൾ കല്ല് കുടിച്ച് പെണ്ണിനെ പീഡിപ്പിക്കുന്നതിൽ വലിയ ഗൗരവമൊന്നും ഇല്ലെന്നാണോ?അതോടൊപ്പം തന്നെ കാഴ്ചക്കാരായി എത്തിയ ജനങ്ങളെ എല്ലാം വിരട്ടിയോടിച്ച കൊണ്ട് പോലീസ് അയാളെ സുരക്ഷിത സ്ഥാനത്ത് ആരും കാണാതെ ഇരുത്തിയത് എന്തിനാണ്?ഇത്തരം കുറ്റവാളികളെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും കാട്ടിക്കൊടുക്കുകയാണ് വേണ്ടത്.അയാളുടെ മുഖം ലോകം കാണട്ടെ.അയാളുടെ ബന്ധുക്കൾ അറിയട്ടെ.അല്ലാതെ ഒളിപ്പിച്ചു വച്ച് സംരക്ഷിക്കുകയല്ല വേണ്ടത്.ഇങ്ങനെ പ്രതിക്ക് നേരെ നിസ്സംഗരാവുന്ന പോലീസും ജനങ്ങളും ഏതു പെണ്ണിന്റെ രക്ഷയാണ് ഉറപ്പു വരുത്തുന്നത്?പെണ്ണിനായി ഒരുക്കിയ നിയമങ്ങളൊക്കെ എങ്ങനെയാണാവോ പാലിക്കപ്പെടാൻ പോകുന്നത്?ഒറ്റക്ക് സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്ന എന്നോട് ഇതാണ് അവസ്ഥയെങ്കിൽ,മറ്റുള്ള സ്ത്രീകൾ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും?നിയമം ഉണ്ടാക്കിയാൽ മാത്രം മതിയോ?അതെങ്ങനെ പാലിക്കപ്പെടുമെന്നും,സമൂഹത്തിനു അതിൽ എത്രത്തോളം ബാധ്യതയുണ്ടെന്നും മനസിലാക്കണ്ടേ? സൗമ്യയുടെ നിലവിളി കേട്ടിട്ടും കേൾക്കാതെ പോയ നമ്മൾ അവൾ മരിച്ചു വീണപ്പോൾ കരയുന്നു.സർക്കാർ ഇടപെടുന്നു.ജീവന് വിലയിടുന്നു.ജിഷയുടെ സ്ഥിതിയും മറിച്ചല്ല.ജീവന് വിലനല്കി പരിഹരിക്കാൻ നോക്കുന്നു.എത്ര വില കൊടുത്താലും പരിഹരിക്കപെടാതെ പോകുന്ന ചില നഷ്ടങ്ങൾ ബാക്കി വച്ചിട്ടാണ് ഓരോ ജീവനും പൊലിഞ്ഞിട്ടുണ്ടാവുക.അവരുടെ സ്വപ്നങ്ങൾ ജീവിക്കാനുള്ള അവകാശം എല്ലാം നിഷേധിക്കുന്നത് നമ്മളാണ്.ഒരു നിമിഷം ഒന്ന് ഓടിയെത്തിയെങ്കിൽ...ഒന്ന് കൈനീട്ടിയെങ്കിൽ...അവരൊക്കെ ഇന്നും നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു.എന്നിട്ടും നമ്മൾ വേട്ടക്കാരനു വേണ്ടിയും മുറവിളി കൂട്ടുന്നു.പണമെറി ഞ്ഞു തിന്മയെ വിളയിച്ചെടുക്കാൻ കൂട്ട് നിൽക്കുന്നു.അ ധർമ്മതിനെതിരെ പോരാടുന്ന മനുഷ്യ നന്മയെ വരണ്ടുണങ്ങാതെ കാക്കാൻ നമുക്കെന്താണ് സാധിക്കാത്തത്?അവകാശങ്ങളെക്കാളും നിയമങ്ങളെക്കാളും ശക്തിയുള്ളതാണ് ഒറ്റക്കെട്ടായ ജന സമൂഹം.ഫേസ് ബുക്കിലും വാട്സ് ആപ്പിലും കേറി പ്രതികരിക്കുക മാത്രമല്ല വേണ്ടത്.പച്ചയായ യാഥാർഥ്യങ്ങളെ സധൈര്യം നേരിടാൻ പ്രാപ്തമാക്കേണ്ടതുണ്ട്.ധൈര്യമായി മുന്നോട്ടു പോകുന്നവരെ തളർത്താതിരിക്കാനുള്ള ഉത്തര വാദിത്വമുണ്ട്.മാധ്യമങ്ങളും അതിന് സന്നദ്ധരായി മുന്നോട്ടു വന്നാൽ ...

... ഒരു സ്ത്രീമനസ്സെങ്കിലും അതിലൂടെ ശക്തി പ്രാപിച്ചാൽ..അനേകം സ്ത്രീകളുടെ ബോധത്തിലേക്ക് ആ ചെറുത്തു നിൽപ്പിന്റെ തീ പടരാനായി നിങ്ങളുടെ വാർത്തകൾക്ക് കഴിഞ്ഞെങ്കിൽ...പീഡനങ്ങളെ പ്രോത്സാഹിപ്പിക്കാതെ ചെറുത്തു നിൽപ്പുകൾക്കായി നമുക്കവരെ പിന്തുണച്ചു കൂടെ? പിടിച്ചു കയ്യിൽ തരുമ്പോളെങ്കിലും രണ്ടു പൊട്ടിച്ചൂടെ എ ന്ന് പോലീസിനോട് ചോദിച്ചപ്പോൾ ,അത്തരം സാഹസം കാട്ടി പ്രതിയെ ആക്രമിച്ച പ്രതിയായി ജീവിതം തുലക്കാൻ ഒരു പോലീസുകാരനും തയ്യാറാവില്ല എന്നായിരുന്നു മറുപടി.പ്രതിയുടെ മനുഷ്യാവകാശം ഇരയുടേതിനെക്കാൾ മുകളിലാണെന്ന് പുത്തുർ ഷീല വധക്കേസ് പരിശോധിച്ചാൽ മതി.അപ്പോൾ മനുഷ്യാവകാശക്കമ്മീഷൻ സ്ത്രീകളെ വളർത്താനോ തളർത്താനോ? എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്?സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം എങ്ങനെ സാധ്യമാകും? നിയമങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്നു ഇതിനകം തന്നെ നമ്മൾ മനസിലാക്കിക്കഴിഞ്ഞു. .. ഇനി നമ്മളാണ് ഉണരേണ്ടത് ഉണർന്നെ മതിയാവൂ.