LiveTV

Live

Kerala

കൊച്ചി റിഫൈനറിയിലെ വാതകച്ചോര്‍ച്ച; സ്ക്രബര്‍ പ്രവര്‍ത്തനം ക്രമീകരിക്കണമെന്ന് കലക്ടര്‍

കൊച്ചി റിഫൈനറിയിലെ വാതകച്ചോര്‍ച്ച; സ്ക്രബര്‍ പ്രവര്‍ത്തനം ക്രമീകരിക്കണമെന്ന് കലക്ടര്‍
Summary
റിഫൈനറിയില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീണ സംഭവത്തിലാണ് നടപടി

വാതക ചോര്‍ച്ച ഒഴിവാക്കാന്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ക്രബര്‍ പ്ലാന്റ് പ്രവര്‍ത്തനം ക്രമീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള. കൊച്ചി റിഫൈനറിയിലെ പ്ലാന്റുകള്‍ ഷട്ട്ഡൗണിനു ശേഷം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

റിഫൈനറിയില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീണ സംഭവത്തിലാണ് കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നടപടി. വാതകങ്ങള്‍ സ്‌ക്രബറിലൂടെ കടത്തി വിടുക, പ്ലാന്റുകളുടെ പുനരാരംഭ പ്രക്രിയയില്‍ വാതകങ്ങളുടെ അന്തരീക്ഷ വ്യാപനം ഒഴിവാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ റിഫൈനറി മാനേജ്‌മെന്റിന് നല്‍കിയിരിക്കുന്നത്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ സിഡിയു 3 എന്ന പ്ലാന്റിന്റെ പ്രക്രിയയിലാണ് മാറ്റങ്ങള്‍ വേണ്ടി വരിക. ഈ പ്ലാന്റില്‍ ആദ്യം ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റും തുടര്‍ന്ന് വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുറച്ചു സമയത്തേക്ക് ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളേണ്ടതുണ്ട്. ഇത്തരത്തില്‍ പുറന്തള്ളിയ വാതകങ്ങള്‍ കാലാവസ്ഥയിലെ പ്രത്യേകത മൂലം സ്‌കൂള്‍ മേഖലയില്‍ തങ്ങിനിന്നതാണ്, കുട്ടികള്‍ വാതകം ശ്വസിക്കാനും കുഴഞ്ഞു വീഴാനും ഇടയാക്കിയത്.

വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റിന്റെ പ്രാരംഭ പ്രക്രിയ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഇത്തരത്തില്‍ വാതക ചോര്‍ച്ച ഉണ്ടാകില്ല. എന്നാല്‍ ഷട്ട്ഡൗണിനു ശേഷം പ്ലാന്റ് പുനരാരംഭിക്കേണ്ടി വരുമ്പോള്‍ ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരും. ഇതു മൂലമുണ്ടാകുന്ന പരിസരമലിനീകരണവും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനാണ് സ്‌ക്രബര്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. അടച്ചിട്ട കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ താത്കാലികമായി പുനരാരംഭിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.