LiveTV

Live

Kerala

ഒന്നര വര്‍ഷത്തിനു ശേഷം അഴീക്കല്‍ തുറമുഖത്ത് ചരക്കുകപ്പലെത്തി

ഒന്നര വര്‍ഷത്തിനു ശേഷം അഴീക്കല്‍ തുറമുഖത്ത് ചരക്കുകപ്പലെത്തി
Summary
ആറ് മാസം കൊണ്ട് തുറമുഖം പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ

ഒന്നര വര്‍ഷത്തിനു ശേഷം കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് വീണ്ടും ചരക്ക് കപ്പലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള എയറോ ബ്രിഡ്ജുമായാണ് കൊച്ചിയില്‍ നിന്നും കപ്പലെത്തിയത്. ആറ് മാസത്തിനകം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തര മലബാറിന്റെ സ്വപ്ന പദ്ധതികളിലൊന്നായ അഴീക്കല്‍ തുറമുഖം ആറ് മാസത്തിനകം വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിനു മുന്നോടിയായി 35 ടണ്‍ വീതം ഭാരമുളള മൂന്ന് കണ്ടെയ്നറുകളുമായി ഗ്രേറ്റ് സി വേമ്പനാടെന്ന ചരക്കു കപ്പല്‍ ഇന്നലെ അഴീക്കല്‍ തുറമുഖത്തെത്തി. ഒന്നര വര്‍ഷത്തിനു ശേഷം ഇത് ആദ്യമായാണ് ഒരു ചരക്കു കപ്പല്‍ അഴീക്കലെത്തുന്നത്.

വ്യാവസായികാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതിന് കപ്പല്‍ ചാലിന്റെ‍ ആഴം ആറ് മീറ്ററാക്കി ഉയര്‍ത്തേണ്ടതുണ്ട്. ഒരു മാസത്തിനകം ഇതിനായുളള പ്രവര്‍ത്തികള്‍ ആരംഭിക്കും. വിദേശ കമ്പനികളടക്കം നിരവധി പേര്‍ ഇവിടെ സര്‍വീസ്സ് നടത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

ആറായിരം ടണ്‍വരെ ഭാരമുളള കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലാവും കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ അഴീക്കലിന്റെ വികസനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് തുറമുഖ അധികൃതര്‍