LiveTV

Live

Kerala

കോഴിക്കോട്ടെ ബഹുനില കെട്ടിടം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായില്ല; കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത

കോഴിക്കോട്ടെ ബഹുനില കെട്ടിടം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായില്ല;  കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത
Summary
വര്‍ക്ക് ഷോപ്പിനും ഓഫീസിനുമാവശ്യമായ അനുബന്ധ സൌകര്യങ്ങളൊരുക്കാതെ കെട്ടിടം ഏറ്റെടുക്കേണ്ടി വന്നത് മൂലം കോടികള്‍ മുടക്കി നിര്‍മിച്ച ബഹുനില കെട്ടിടത്തില്‍ ബസ് സ്റ്റാന്‍ഡ് സൌകര്യം മാത്രമാണ് കെ എസ് ആര്‍ ടി സിക്ക് ഉപയോഗിക്കാനാവുന്നത്.

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത കോഴിക്കോട്ടെ കെ എസ് ആര്‍ ടി സിയുടെ ബഹുനില കെട്ടിടം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാവാത്തത് മൂലം പ്രതിദിനം ആയിരക്കണക്കിന് രൂപ കെ എസ് ആര്‍ടി സിക്ക് അധിക ബാധ്യതയാവുന്നു. ബി ഒ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് കെ എസ് ആര്‍ ടി സിക്ക് വേണ്ടി കെട്ടിടം നിര്‍മിച്ചത്. വര്‍ക്ക് ഷോപ്പിനും ഓഫീസിനുമാവശ്യമായ അനുബന്ധ സൌകര്യങ്ങളൊരുക്കാതെ കെട്ടിടം ഏറ്റെടുക്കേണ്ടി വന്നത് മൂലം കോടികള്‍ മുടക്കി നിര്‍മിച്ച ബഹുനില കെട്ടിടത്തില്‍ ബസ് സ്റ്റാന്‍ഡ് സൌകര്യം മാത്രമാണ് കെ എസ് ആര്‍ ടി സിക്ക് ഉപയോഗിക്കാനാവുന്നത്.

മുപ്പത് ലക്ഷം രൂപയിലധികം മുടക്കിയായിരുന്നു കോഴിക്കോട് മാവൂര്‍ റോഡിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം. സര്‍വീസുകള്‍ ആരംഭിക്കാനും അവസാനിപ്പിക്കാനും മാത്രമാണ് ഇന്ന് ഈ കെട്ടിടം ഉപയോഗിക്കുന്നത്. മേഖല ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള പാവങ്ങാട്ടെ വര്‍ക്ക് ഷോപ്പിനെയാണ് ഇപ്പോഴും ബസ്സുകളുടെ അറ്റകുറ്റപണിക്കായി ആശ്രയിക്കുന്നത്. ടിക്കറ്റ് കലക്ഷന്‍ ഓഫീസും പാവങ്ങാട്ടെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം സര്‍വീസ് ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും പാവങ്ങാട്ടെ ഓഫീസിലേക്ക് ബസ്സുകള്‍ കൊണ്ടു പോവേണ്ടത് മൂലം ആയിരക്കണക്കിന് രൂപയാണ് ഡീസലിനായി അധിക ചെലവാകുന്നത്.