LiveTV

Live

Kerala

എല്‍ഡിഎഫ് യോഗം ഇന്ന്

എല്‍ഡിഎഫ് യോഗം ഇന്ന്
Summary
സിപിഎമ്മിനൊപ്പം സിപിഐ, ജനതാദള്‍, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും.

എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ ഇല്ലാത്തവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. സിപിഎമ്മിനൊപ്പം സിപിഐ, ജനതാദള്‍, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും.

സിപിഐയില്‍ നിന്ന് നാല് പേര്‍ മന്ത്രിമാരാകാനാണ് സാധ്യത. സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍, ഇ എസ് ബിജിമോള്‍ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. ഒരു മന്ത്രിസ്ഥാനം കൂടി സിപിഐ അധികം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ചതായാണ് സൂചന. തൊഴില്‍വകുപ്പ് ഉള്‍പ്പെടെ ചില സുപ്രധാന വകുപ്പുകള്‍ സിപിഐ ആവശ്യപ്പെട്ടേക്കും.

ജനതാദള്‍ എസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. എന്‍സിപിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍ മന്ത്രിയായേക്കും. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് തോമസ് ചാണ്ടിയോടാണ് അനുഭാവം. ജെഡിഎസ് യോഗം നാളെ ചേര്‍ന്ന് മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കും. മാത്യു ടി തോമസിന്‍റെ പേരിനാണ് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാമുഖ്യം. കോണ്‍ഗ്രസ് എസിനെ പ്രതിനിധീകരിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫില്‍ സ്ഥിരാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് ധാരണ. അങ്ങനെ വന്നാല്‍ കെ ബി ഗണേഷ് കുമാര്‍, വിജയന്‍ പിള്ള, കോവൂര്‍ കുഞ്ഞുമാന്‍ എന്നിവര്‍ക്ക് മന്ത്രി പദം ലഭിക്കില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ കാര്യത്തിലും ഇന്ന് ധാരണയുണ്ടായേക്കും.