LiveTV

Live

Kerala

കുമ്മനത്തിന് ആര് പകരക്കാരനാകും ? ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം

കുമ്മനത്തിന് ആര് പകരക്കാരനാകും ? ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം
Summary
സംസ്ഥാനത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ളത്

കുമ്മനം രാജശേഖരന് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ സജീവം. ആര്‍.എസ്.എസിനും ഘടകകക്ഷികള്‍ക്കും തത്പരനായ വ്യക്തിയാകും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരാന്‍ സാധ്യത. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷമാകും പുതിയ പ്രസിഡന്‍റിന്‍റെ നിയമനം.

സംസ്ഥാനത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിച്ഛായയുള്ള വ്യക്തിയെ തെരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. നിലവിലെ നാല് ജനറല്‍ സെക്രട്ടറിമാരിലാരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കെ.സുരേന്ദ്രനോ എം.ടി രമേശോ പുതിയ അധ്യക്ഷനായേക്കും. മെഡിക്കല്‍ കോഴ വിവാദം എം.ടി രമേശിന് തിരിച്ചടിയായേക്കും. മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസിന്‍റെ പേരും ചര്‍ച്ചയിലുണ്ട്. വിഭാഗീയത ഒഴിവാക്കാനായിരുന്നു നേരത്തെ കുമ്മനം രാജശേഖരെ പ്രസിഡന്‍റാക്കിയത്. എന്നാല്‍ വിഭാഗീയത കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്തെ വിശ്വാസത്തിലെടുക്കാതെ പുതിയ ഒരാളെ ചുമതല ഏല്‍പിക്കാനും സാധ്യതയുണ്ട്. അങ്ങനെ തീരുമാനിച്ചാല്‍ പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍ ജെ നന്ദകുമാര്‍, മധ്യപ്രദേശിന്‍റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അരവിന്ദമേനോന്‍ എന്നിവര്‍ക്കാണ് സാധ്യത. ലോക്സഭാ തെരഞ്ഞെടപ്പു കൂടി കണക്കിലെടുത്താകും പുതിയ അധ്യക്ഷനെ ബിജെപി ദേശീയ നേതൃത്വം നിയമിക്കുക.