LiveTV

Live

Kerala

ചെങ്ങന്നൂരില്‍ പ്രചാരണം അവസാനഘട്ടത്തില്‍, സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടത്തില്‍

ചെങ്ങന്നൂരില്‍ പ്രചാരണം അവസാനഘട്ടത്തില്‍, സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടത്തില്‍
Summary
വോട്ടര്‍മാരെ നേരില്‍ക്കാണാനും റോഡ് ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കാനും വിവാഹ- മരണ വീടുകളില്‍ എത്താനും എല്ലാമായി സമയം തികയാതെ വിഷമിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.

ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളെല്ലാവരും നെട്ടോട്ടത്തിലാണ്. പറ്റുന്നത്ര വോട്ടര്‍മാരെ അവസാന നിമിഷം വരെ നേരില്‍ക്കാണാനും റോഡ് ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കാനും വിവാഹ- മരണ വീടുകളില്‍ എത്താനും എല്ലാമായി സമയം തികയാതെ വിഷമിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.

രാവിലെ ആറ് മണിക്ക് ഭവന സന്ദര്‍ശനത്തോടെ പ്രചാരണം ആരംഭിച്ച സജി ചെറിയാന്‍ പിന്നീട് മുളക്കുഴയില്‍ പിണറായി വിജയനോടൊപ്പം പൊതുയോഗത്തില്‍ പങ്കെടുത്തു. അതിനു ശേഷം താന്‍ പ്രസിഡന്റായ അരീക്കര സര്‍വീസ് സഹകരണ ബാങ്കിലെത്തി ഉച്ചയോടടുപ്പിച്ച് പ്രഭാത ഭക്ഷണവും അല്‍പം ഔദ്യോഗിക കാര്യങ്ങളും. പിന്നീട് മരണ വീടുകളിലേക്കും പിണറായിയോടൊപ്പമുള്ള മറ്റ് പൊതുയോഗങ്ങളിലേക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയുമാര്‍ രാവിലെ പേരിശ്ശേരിയിലെ ഭവന സന്ദര്‍ശനത്തിന് ശേഷം മണ്ഡലത്തിലെ ഒമ്പത് മരണ വീടുകള്‍ സന്ദര്‍ശിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അതിനു ശേഷം ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒപ്പമുള്ള റോഡ് ഷോകള്‍. പിന്നെ ചില പൊതു യോഗങ്ങള്‍.

രാവിലെ മുതല്‍ ഭവന സന്ദര്‍ശനം ആരംഭിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും മരണവീടുകളില്‍ സന്ദര്‍ശനം നടത്തി. പരസ്യ പ്രചാരണത്തില്‍ അവസാനത്തേതിന്റെ തൊട്ടു മുമ്പുള്ള ദിനം വിവിധ നേതാക്കളോടൊപ്പം 35 പൊതുയോഗങ്ങളിലാണ് ശ്രീധരന്‍ പിള്ള പങ്കെടുത്തത്. അതിനു പുറമെ വിവിധ സമുദായ നേതാക്കളെ കാണാനും സമയം കണ്ടെത്തി.