LiveTV

Live

Kerala

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാണം കെടുത്തിയ രണ്ട് വര്‍ഷങ്ങള്‍

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാണം കെടുത്തിയ രണ്ട് വര്‍ഷങ്ങള്‍
Summary
രണ്ട് വര്‍ഷത്തിനിടെ മാത്രം കണ്ണൂരും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതങ്ങള്‍

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ട് വര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയത്. കേന്ദ്രവും ഗവര്‍ണറും രാഷ്ട്രീയ കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് തേടുകയും, ബിജെപി ദേശീയ തലത്തില്‍ ഇത് പ്രചാരണ വിഷയമാക്കുകയും ചെയ്തത് പിണറായി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചു.

രണ്ട് വര്‍ഷം, ഇതിനിടെ മാത്രം കണ്ണൂരും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതങ്ങള്‍. ഇതില്‍ ഏഴിലും പ്രതിപ്പട്ടികയിലുളളത് സിപിഎം പ്രവര്‍ത്തകര്‍‍. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും നാട്ടില്‍ തുടര്‍ച്ചയായി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഏല്‍പ്പിച്ച ക്ഷീണം ചെറുതല്ല.

കണ്ണൂരിലെ കൊലപാതകങ്ങള്‍ ഉയര്‍ച്ചിക്കാട്ടി ബിജെപി ദേശീയ തലത്തില്‍ തന്നെ പ്രചാരണം ശക്തമാക്കി. അമിത്ഷായും യോഗി ആദിത്യനാഥും അടക്കമുളളവരെ പങ്കെടുപ്പിച്ച് കണ്ണൂരിലും, ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മറ്റി ഓഫീസിനു മുന്നിലും ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേന്ദ്രവും ഗവര്‍ണറും കോടതിയും ഇടപെട്ടതോടെ മുഖ്യമന്ത്രി നേരിട്ട് എത്തി കഴിഞ്ഞ ഫെബ്രുവരി 14ന് കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു.

എന്നാല്‍ ഈ യോഗ തീരുമാനങ്ങളുടെ മഷി ഉണങ്ങും മുമ്പെ മുഖ്യമന്ത്രിയുടെ പാര്‍ട്ടി അണികള്‍ തന്നെ വീണ്ടും ആയുധങ്ങളുമായി തെരുവിലിറങ്ങി. പിന്നീട് നടന്ന സമാധാന യോഗങ്ങളും വെറും പ്രഹസനമായി മാറി. ഈ മാസം ഏഴിന് പളളൂരിലും ന്യൂമാഹിയിലുമായി മിനിട്ടുകളുടെ ഇടവേളയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളാണ് അവസാന സംഭവം. എന്നാല്‍,കണ്ണൂരിലെ ബി.ജെ.പിയുടെയും സിപിഎമ്മിന്റെയും പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്ന് ഓരോ ദിവസവും കണ്ടെടുക്കുന്ന ബോംബും ആയുധങ്ങളും ഇനിയും നിലക്കാത്ത ചോരക്കളിയുടെ സൂചനകളാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരിലും മാഹിയിലുമായി രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 12 പേര്‍:

ബി.ജെ.പി-ആര്‍എസ്എസ്- 07
സിപിഎം 04
കോണ്‍ഗ്രസസ് 01

കൊല്ലപ്പെട്ട ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍

1. അന്നൂരിലെ രാമചന്ദ്രന്‍ (2016 ജൂലൈ 11)
2. തില്ലങ്കേരി വിനീഷ് (2016 സെപ്തംബര്‍4)
3. പിണറായിയിലെ രമിത്ത് (2016 ഒക്ടോബര്‍12)
4. ആണ്ടല്ലൂര്‍ സന്തോഷ് (2017 ജനുവരി 18)
5. രാമന്തളി ബിജു (2017 മെയ് 13)
6. കണ്ണവത്തെ ശ്യാമ പ്രസാദ് (2018 ജനുവരി 19)
7. ന്യൂമാഹിയിലെ ഷമേജ് (2018 മെയ് 07)

കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍

1. പിണറായിയിലെ രവീന്ദ്രന്‍
2. പയ്യന്നൂര്‍ ധനരാജ് (2016 ജൂലൈ 11)
3. പടുവിലായി മോഹന് (2016 ഒക്ടോബര്10)
4. മാഹി പള്ളൂരിലെ കണ്ണിപൊയില്ബാബു (2018 മെയ് 07)

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

1. മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് (2018 ഫെബ്രുവരി 12)