LiveTV

Live

Kerala

പ്രതിഷേധവുമായി ബീമാപള്ളിക്കാര്‍; പോസ്റ്റര്‍ പതിച്ചതിന് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Summary
സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച പൊതുപ്രവര്‍ത്തകര്‍ക്കെതിരെ 153 എ പ്രകാരം പൊലീസ് കേസെടുത്തു.

മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ബീമാപള്ളിക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച പൊതുപ്രവര്‍ത്തകര്‍ക്കെതിരെ 153 എ പ്രകാരം പൊലീസ് കേസെടുത്തു.

മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ബീമാപള്ളിക്കാരെ ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബീമാപള്ളി കേന്ദ്രീകരിച്ച് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ബീമാപള്ളി ജമാഅത്തും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും ചേര്‍ന്നതാണ് ആക്ഷന്‍ കമ്മിറ്റി. ഇതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. സാമൂഹിക സ്പര്‍ദ വളര്‍ത്താന്‍ ശ്രമിക്കുന്നതിനുള്ള ഐപിസി 153 എ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കോലം കത്തിച്ചു. ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ബീമാപള്ളിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രഖ്യാപിച്ചു.