LiveTV

Live

Kerala

കോഴിക്കോട് പനിമരണം: ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് പനിമരണം: ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി
Summary
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം കണ്ടുവരുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏത് വൈറസാണ് രോഗം പരത്തുന്നതെന്ന് ഇതുവരെ..

കോഴിക്കോട് പന്തിരിക്കരയില്‍ പനി മൂലം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി. വായുവിലൂടെ രോഗം പടരില്ലെന്നും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ രോഗം പകരുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം കണ്ടുവരുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏത് വൈറസാണ് രോഗം പരത്തുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

പനി ബാധിച്ച് മൂന്നുപേര്‍ മരിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ഗവണ്‍മെന്‍റ് ഗസ്റ്റ്ഹൌസില്‍ ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണ്‍, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വായുവിലൂടെ പകരുന്നതരം രോഗമല്ലത്തതിനാല്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മണിപ്പാല്‍ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കും. കേന്ദ്ര സംഘത്തിന്‍റെ സഹായം തേടിയതായും മന്ത്രി പറഞ്ഞു. ഉന്നതതല സംഘം പന്തിരിക്കരയിലെ വീടുകള്‍ സന്ദര്‍ശിക്കും. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡും തുടങ്ങി. പന്തിരിക്കരയിലെ മെഡിക്കല്‍ ക്യാമ്പ് തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മേധാവികളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മസ്തിഷ്ക ജ്വരം ബാധിച്ചാണ് രോഗികള്‍ മരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 4 പേരാണ് ചികിത്സയിലുള്ളത്