LiveTV

Live

Kerala

കാസര്‍ഗോഡ് ദുരഭിമാനക്കൊല; രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി

കാസര്‍ഗോഡ് ദുരഭിമാനക്കൊല; രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി
Summary
ഒന്നാം പ്രതി മുഹമ്മദ് ഇഖ്ബാല്‍ രണ്ടാം പ്രതി മുഹമ്മദ് ഹനീഫ് എന്നിവരാണ് കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയത്.

കാസര്‍ഗോഡ് ബാലകൃഷ്ണന്‍ വധക്കേസില്‍ ആദ്യ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇതരമതസ്ഥയെ വിവാഹം കഴിച്ചതിനുള്ള വൈര്യാഗ്യം തീര്‍ക്കാന്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ പിതാവടക്കം മൂന്ന് പേരെ കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി മുഹമ്മദ് ഇഖ്ബാല്‍ രണ്ടാം പ്രതി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷ നാളെ വിധിക്കും. സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അഞ്ച് പ്രതികളാണ് വിചാരണ നേരിട്ടത്. വിവാഹം കഴിച്ച യുവതിയുടെ ബന്ധുക്കള്‍ ബാലകൃഷ്ണനെ കൊലപ്പെടുത്താന്‍ ആദ്യ രണ്ട് പ്രതികളെ നിയോഗിക്കുകയായിരുന്നുവെന്നാണ് സിബിഐ കുറ്റപത്രം. ദുരഭിമാനക്കൊലയാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. യുവതിയുടെ പിതാവ് അബ്ദുള്‍ ഗഫൂര്‍ മറ്റ് രണ്ട് പ്രതികളായ എ.എം മുഹമ്മദ്, അബൂബക്കര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബാലകൃഷ്ണന്റെ പിതാവ് പറഞ്ഞു.

2001 സെപ്റ്റംബര്‍ 18നായിരുന്നു ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയും ടൗണിലെ കൊറിയര്‍ കമ്പനി ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റുമായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. അദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.